പാരിപ്പള്ളിയില്‍ ഗഞ്ചാവും എം.ഡി.എം.എയുമായി നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍

Advertisement

പാരിപ്പള്ളി. മാരക ലഹരി മരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി നിവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പോലീസ് പിടിയില്‍. ചാത്തന്നൂര്‍ മീനാട് വില്ലേജില്‍ കാരംകോട് കണ്ണേറ്റ് സനൂജ് മന്‍സിലില്‍ സനൂജ്(36) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. നിരവധി ലഹരികേസുകളില്‍ പ്രതിയായ സനൂജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി ലഹരിവസ്തുക്കള്‍ കടത്തികൊണ്ട് വന്ന് വിതരണം ചെയ്യുന്നു എന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കൊല്ലം സിറ്റി സി-ബ്രാഞ്ച് എ.സി.പി സക്കറിയമാത്യുവിന്റെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം പാരിപ്പളളി മുക്കട ജംഗഷന് സമീപം പ്രതിയുടെ കാര്‍ തടഞ്ഞ സമയം വാഹനം നിര്‍ത്താതെ പോവുകയും പാരിപ്പള്ളി ജംഗ്ഷന് സമീപം വാഹനം തടഞ്ഞ സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സായിറാമിനെ ഇടിച്ചിട്ട് രക്ഷപെടാന്‍ ശ്രമിക്കുകയുമായിരുന്നു. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍തന്നെ വാഹനം തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 4.200 കിലോ ഗഞ്ചാവും 14.00 ഗ്രാം എം.ഡി.എം.എയും കണ്ടെത്തുകയായിരുന്നു. ചാത്തന്നൂര്‍ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ചതാണ് ഇവയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
പ്രതിക്കെതിരെ ചാത്തന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസില്‍ 7 എക്‌സൈസ് കേസുകളും ചാത്തന്നൂര്‍ പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിലായി 6 ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. കാപ്പാനിയമപ്രകാരം 2021ല്‍ പ്രതികരുതല്‍ തടങ്കല്‍ അനുഭവിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ.ആര്‍.ജോസ് ന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ആര്‍.ജയകുമാര്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്‌സിപിഒ മാരായ സജു, സീനു, മനു, രിപു, രതീഷ്, എന്നിവരും ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്ത്വത്തില്‍ പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദീപു എസ്.ഐമാരായ സജിത് സജീവ്, പ്രകാശ്, രാമചന്ദ്രന്‍, ജയപ്രകാശ്, എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒ നൗഷാദ്, സായിറാം സിപിഒ സജീഷ്‌ഗോപി എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement