ചോര്‍ന്നൊലിച്ച് ദേവസ്വം ബോര്‍ഡ് പൈതൃക കലാകേന്ദ്രം

Advertisement

കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിന് സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൈതൃക കലാകേന്ദ്രവും മ്യൂസിയത്തിനും ശാപമോക്ഷമില്ല. മഴ തുടങ്ങിയതോടെ ചോര്‍ന്നൊലിക്കുകയാണ് പൈതൃക കലാകേന്ദ്രവും മ്യൂസിയവും. മേല്‍ക്കൂരകളും മറ്റും തകര്‍ന്ന് ജീര്‍ണാവസ്ഥയിലാണ്.
കഴിഞ്ഞവര്‍ഷം കേന്ദ്രത്തിന്റെ നവീകരണത്തിനായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ രണ്ടു കോടി അനുവദിച്ചിരുന്നു. എന്നാല്‍ പൈതൃക കലാ കേന്ദ്രം നിലനില്‍ക്കുന്ന കൊട്ടാരത്തിന്റെ ചോര്‍ച്ച പരിഹരിക്കാനോ നവീകരിക്കാനോ യാതൊരു നടപടിയും ഇതുവരെ തുടങ്ങിയിട്ടില്ല.
ഏത് നിമിഷവും നിലം പൊത്താറായ നിലയിലാണ് കെട്ടിടം. കഥകളി രൂപങ്ങളും വിവിധവും പഴമയേറിയതുമായ വാദ്യോപകരണങ്ങളും നാണയങ്ങളും യുദ്ധോപകരണങ്ങളും മറ്റു പ്രദര്‍ശന വസ്തുക്കളും രാജഭരണ കാലത്തെയെന്ന് കരുതുന്ന അടയാളങ്ങളും ഇവിടെ ഉണ്ട്.
എന്നാല്‍ ഇപ്പോള്‍ ചോര്‍ച്ച മൂലം  കൊട്ടാരക്കര തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാ മ്യൂസിയത്തിലെയും ദേവസ്വം സാംസ്‌കാരിക കേന്ദ്രത്തിലെയും വില പിടിപ്പുള്ള രൂപങ്ങള്‍ നശിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും മ്യൂസിയത്തെ സ്നേഹിക്കുന്നവരും. ദശാബ്ദങ്ങളായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പൈതൃക കലാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സാംസ്‌കാരിക വകുപ്പിന്റെ കൊട്ടാരക്കര തമ്പുരാന്‍ മ്യൂസിയം 2011-ലാണ് ഈ കെട്ടിടത്തിലേക്ക് മാറ്റിയത്. പുതിയ കെട്ടിടം നിര്‍മിച്ച് സാംസ്‌കാരിക കേന്ദ്രവും മ്യൂസിയവും ആക്കി മാറ്റുമെന്ന പ്രഖ്യാപനം നടക്കാതെ വന്നതോടെ ഇത് ദേവസ്വം കൊട്ടാരത്തില്‍ തന്നെ തുടര്‍ന്നു വരികയാണ്.

Advertisement