ശാസ്താംകോട്ട – കേന്ദ്രത്തെ മറയാക്കി സർക്കാർ അധ്യാപകരുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു.
ആറാം പ്രവൃത്തി ദിനമായ ശനിയാഴ്ചകൾ അധ്യയന ദിവസങ്ങളാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എൻ ടി യു ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി ശാസ്താംകോട്ട ഉപജില്ലാ സമിതി എ ഇ ഒ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ പി – യു പി – ഹൈസ്കൂൾ വിഭാഗങ്ങൾക്ക് യഥാക്രമം 800 , 1000, 1200 മണിക്കൂർ അധ്യയനമാണ് 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്നത്.
ഇത് ഉറപ്പാക്കുന്നതിന് ഇരുനൂറിൽ കുറയാത്ത പ്രവൃത്തി ദിനങ്ങളാണ് സംസ്ഥാനത്ത് പിന്തുടരുന്ന രീതി. എന്നാൽ ഏകപക്ഷീയമായി ആറാം പ്രവൃത്തി ദിനങ്ങൾ അധ്യയന ദിവസങ്ങളാക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കാൻ സർക്കാർ വിദ്യാഭ്യാസ അവകാശ നിയമത്തെ കൂട്ടുപിടിക്കുകയാണ്.
എന്നാൽ, ഇതേ അവകാശ നിയമത്തിലെ തന്നെ പല നിബന്ധനകളേയും സർക്കാർ കോടതിയിൽ ചോദ്യം ചെയ്യുന്നത് വിരോധാഭാസമാണ്.
എട്ടാം ക്ലാസ് വരെ 200 അധ്യയന ദിവസമാണ് വേണ്ടത്. കേരളത്തിൻ്റെ പ്രത്യേക സാഹചര്യത്തിൽ ആറാം പ്രവൃത്തി ദിനമല്ലാത്ത ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി ഇരുനൂറിൽ കുറയാത്ത അധ്യയന ദിവസം ഉറപ്പാക്കുകയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പിന്തുടർന്നു വരുന്ന രീതി. അവിചാരിതമായുണ്ടാകുന്ന പ്രളയം പോലുള്ള കാരണങ്ങളാൽ നഷ്ടപ്പെടുന്ന പ്രവൃത്തി ദിനങ്ങൾക്ക് പരിഹാരമെന്ന നിലയിൽ രണ്ടോ – നാലോ പ്രവൃത്തി ദിനങ്ങൾ ഉയർത്തി 202- 203 പ്രവൃത്തി ദിനങ്ങൾക്ക് ക്യൂ ഐ പി യോഗം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ചെറിയ കുട്ടികൾക്ക് അധിക പഠന സമയം അടിച്ചേൽപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉയർത്താൻ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്ക് ടെസ്റ്റ് ക്വാളി വേണമെന്ന അവകാശ നിയമത്തിലെ നിർദേശം മറികടക്കാൻ സംസ്ഥാന സർക്കാർ നിയമയുദ്ധം നടത്തുകയാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായപരിധി ആറ് വയസ് എന്ന കേന്ദ്ര നിർദേശം സംസ്ഥാനം അംഗീകരിച്ചിട്ടില്ല. അഞ്ചാം ക്ലാസ് എൽ പി വിഭാഗത്തിലും എട്ടാം ക്ലാസ് യു പി വിഭാഗത്തിലും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഘടനാ മാറ്റം സംസ്ഥാനത്ത് കടലാസിൽ മാത്രമാണ്. കുട്ടികളുടെ പoനഭാരം ലഘൂകരിക്കാൻ എൻ സി ഈ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പ്രത്യേക കൈപ്പുസ്തകമായി അച്ചടിച്ച് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ നയം തന്നെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നവർ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ മാത്രം വാശി പിടിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും അവകാശപ്പെട്ട ക്ഷാമബത്ത, ലീവ് സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കുവാനും സർക്കാർ നിരത്തുന്ന കാരണം കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു എന്നതാണ്. പിടിവാശി ഉപേക്ഷിച്ച് തീരുമാനം പുന:പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.
എൻ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ആർ ശിവൻപിള്ള അധ്യക്ഷനായി. പെൻഷണേഴ്സ് സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് കെ ഓമനക്കുട്ടൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ബി ജെ പി ജില്ലാ കമ്മിറ്റിയംഗം മുതുപിലാക്കാട് രാജേന്ദ്രൻ, കെ വേണുഗോപാലക്കുറുപ്പ്, ജില്ലാ കമ്മിറ്റിയംഗം ഡി ദിലീപ് കുമാർ, എൻ ടി യു ജില്ലാ സെക്രട്ടറി ആർ ഹരികൃഷ്ണൻ, ഭാരവാഹികളായ എൻ പ്രദീപ് കുമാർ, ആർ സനിൽകുമാർ, പി ജി ഷീബ, ആര്യാ ശ്രീനാഥ്, ജെ ശ്രീകുമാർ , അരുൺ ജോസ് എന്നിവർ ആശംസയർപ്പിച്ചു. ഉപജില്ലാ സെക്രട്ടറി
ഗിരീഷ് എസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീനിഷ് എസ് നന്ദിയും പറഞ്ഞു.
ആറാം പ്രവർത്തി ദിനം അംഗീകരിക്കില്ല -NTU
അഞ്ചൽ. കെ ഈ .ആർ വ്യവസ്ഥകൾ മറികടന്ന് ആറാം പ്രവൃത്തി ദിനം അധ്യയന ദിവസമാക്കുകയും വേനലവധി വെട്ടിക്കുറയ്ക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ദേശീയ അധ്യാപകപരിഷത്ത്.
എൻ.ടി യു അഞ്ചൽ ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് പാറങ്കോട് ബിജു ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ അവകാശങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ നയങ്ങൾ കേരള വിദ്യാഭ്യാസ ചട്ടത്തെ പോലുംമറികടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.അർഹമായ ക്ഷാമബത്ത,ലീവ് സറണ്ടർ ആനുകൂല്യങ്ങൾ,സ്റ്റാറ്റ്യൂട്ടറി പെൻഷൻ ,എന്നിങ്ങനെ കാലാകാലങ്ങളായി അധ്യാപകർ ആവശ്യപ്പെടുന്ന ആനുകൂല്യങ്ങൾക്കെതിരെ മുഖം തിരിഞ്ഞ് നിൽക്കുന്ന സർക്കാർ ആറാം പ്രവർത്തി ദിനം അധ്യയനദിവസമാക്കുന്ന ത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ഉപജില്ലാ പ്രസിഡന്റ് ആർ രമേശ് കുമാർ അധ്യക്ഷനായി. BJP പഞ്ചായത്ത് സമിതി പ്രസിഡന്റ് ഹരികുമാർ . വനിത വിഭാഗം കൺവീനർ രശ്മി പി.ആർ., ജോയിന്റ് സെക്രട്ടറി ആശ എസ് , ദിലീപ് കുമാർ ,ഗോകുൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.