ശാസ്താംകോട്ട. ശുദ്ധജല തടാകത്തെ സംരക്ഷിക്കാന്‍ ചെളിവാരിമാറ്റുമോ, അത്തരമൊരു സംരക്ഷണം എങ്ങനെ നടപ്പാക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചോദിക്കുന്നു. അന്തര്‍ ദേശീയ റാംസര്‍ സൈറ്റ് പരിഗണനയിലുള്ള നീര്‍ത്തടമാണ് ശാസ്താംകോട്ടയിലേത്. സായ്പന്മാര്‍ക്ക് നൂലിട്ട് ആഴം കാണാന്‍ കഴിയാതെപോയ തടാകത്തിന്റെ അവസ്ഥ 2018ന് ശേഷം മോശമായിട്ടില്ലെന്നിരിക്കെ പെട്ടെന്നിങ്ങനെ ഒരു നീക്കത്തിന് കാരണമെന്താവും.
ആരുടെയോ താല്‍പര്യത്തില്‍ ഒരു പഠനം, അതില്‍ പരിസ്ഥിതിശാസ്ത്രജ്ഞര്‍ ഒരിക്കലും അംഗീകരിക്കാത്ത ഒരു തീരുമാനവും, ചെളികോരിമാറ്റി തടാകം ശുദ്ധമാക്കുക. ശാസ്താംകോട്ട തടാകത്തില്‍ അടിഞ്ഞ ചെളികോരി ശുദ്ധമാക്കാന്‍ ഒരുകോടി രൂപ അനുവദിച്ചതായ മന്ത്രി റോഷി അഗസ്റ്റിന്‍റെ പത്രക്കുറിപ്പ് വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവൂര്‍കുഞ്ഞുമോന്‍ എംഎല്‍എയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചതെന്നും പറയുന്നു.
കുന്നത്തൂരിലെമ്പാടും ചെളി കിട്ടാനില്ല. ചെളികിട്ടാന്‍ എന്ത് റിസ്‌കും എടുക്കാന്‍ കാത്തിരിക്കുന്ന ഇഷ്ടിക കമ്പനികള്‍. പലതും ഇതിനോടകം പ്രവര്‍ത്തനം നിര്‍ത്തി. ചെളികിട്ടാന്‍ ഒരു വഴി തെളിഞ്ഞാല്‍ കോടികളുടെ കച്ചവടമാകും നടക്കുക. തടാകത്തില്‍ നിന്നും ചെളി കോരിയാല്‍ ഇടുന്നതെവിടെ, തീരത്തിട്ടാല്‍ വീണ്ടും അത് തടാകത്തിലിറങ്ങും. പുതിയൊരുത്തരവിലൂടെ ഇത് ചതുരക്കട്ടകളാക്കി വില്‍ക്കാന്‍ അനുമതി നല്‍കാം. വൈദ്യന്‍ കല്‍പിച്ചതും രോഗി ഇഛിച്ചതും പാല്.
പഴയൊരു കഥ. തടാകം അതിഗുരുതരമായി വറ്റിയ 2010 കാലത്ത് കിഴക്കന്‍ ബണ്ടിനോടു ചേര്‍ന്ന് ആരോ വലിയൊരു ഭാഗം വെട്ടിമാറ്റി നോക്കിയിരുന്നു. ഇത് ആരു ചെയ്തുവെന്ന് അന്ന് പലരും അന്വേഷിച്ചു. വെട്ടിയ കുഴി നിറയെ ഇപ്പോല്‍ കണികാണാന്‍പോലുമില്ലാത്ത നീലച്ചെളിയായിരുന്നു. അതിനുശേഷം പല പ്രാവശ്യം ചില രാഷ്ട്രീയ കക്ഷികളും അധികാര കേന്ദ്രങ്ങളും തടാകം ചെളിവെട്ടിമാറ്റി ശുദ്ധമാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. അപ്പോഴെല്ലാം വളരെ ജാഗ്രത പുലര്‍ത്തിയിരുന്ന പരിസ്ഥിതി സംഘടനകളും ശാസ്ത്രസാഹിത്യ പരിഷത്തുമെല്ലാം എതിര്‍പ്പുയര്‍ത്തി. തടാക സംരക്ഷണ സമിതിയുടെ സമരത്തിനുശേഷം സര്‍ക്കാര്‍ പഠനത്തിലൂടെ കോഴിക്കോട്ട സിഡബ്‌ളി.യുഡിആര്‍എം എംഎപി(മാനേജുമെന്റ് ആക്ഷന്‍ പ്‌ളാന്‍) അവതരിപ്പിച്ച കാലത്തും ചെളികോരി തടാകം ശുദ്ധീകരിക്കാമെന്ന വികലമായ അഭിപ്രായം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു അന്നെല്ലാം അറിവുള്ളവരും മാധ്യമങ്ങളും ആ നീക്കത്തെ പരിഹസിച്ചുവിട്ടതാണ്. ഇതാണ് ഇപ്പോള്‍ വീണ്ടും ആര്‍ക്കോവേണ്ടി അവതരിപ്പിക്കപ്പെട്ടത്.
പടിഞ്ഞാറേകല്ലട ചെളികോരിയപ്പോള്‍ ശുദ്ധമായില്ല പിന്നെ മണല്‍കോരി ശുദ്ധമാക്കാന്‍ നോക്കി അതല്ലേ ഒരു കുന്നിന് ഇപ്പുറമുള്ള ശാസ്താംകോട്ട തടാകത്തിനും സംഭവിക്കുക.
തടാകസംരക്ഷണത്തിനുവേണ്ടി സമരം നടന്നപ്പോള്‍പോലും തിരിഞ്ഞുനോക്കാത്ത നേതാക്കളുടെ പുതിയ നീക്കം വ്യാപകമായ ആക്ഷേപമായിട്ടുണ്ട്.
ഈ വെള്ളത്തില്‍ തൊട്ടാല്‍ കൈപൊള്ളും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഇവരോട് പറയാനുള്ളത് ഇതുമാത്രമാണ്.