ശാസ്താംകോട്ട. തടാകത്തിലെ ചെളിനീക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ച ജലവിഭവവകുപ്പിനെ വിമര്‍ശിച്ച് തടാക സംരക്ഷണസമിതി ചെയര്‍മാന്‍ കെ കരുണാകരന്‍പിള്ള. ആരും അറിയാതെ ബാത്തിമെട്രിക് പഠനം നടത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിന്റെ ശുപാര്‍ശ എന്ന പേരില്‍ ചെളിനീക്കണമെന്ന നിര്‍ദ്ദേശം ഏത് ശാസ്ത്രീയ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിക്കുന്നു.
കെ കരുണാകരന്‍പിള്ള
നിരവധി ഏജന്‍സികള്‍ നടത്തിയ പഠനത്തിലും ശുപാര്‍ശയിലും കായലിലെ ചെളി നീക്കണണെന്ന് പറയുന്നില്ല. ഏറെ അധ്വാനം നടത്തി സൃഷ്ടിച്ച എംഎപിയില്‍ അനധികൃത ഭൂ ദുര്‍വിനിയോഗം മൂലം അടിയുന്ന മണ്ണിനും അടിയുന്ന എക്കലിനും സാന്‍ഡ് പമ്പ് പ്രയോഗം പറയുന്നെങ്കിലും അതിനുമുമ്പ് പാരിസ്ഥിതികാഘാത പഠനം വേണം. കായലിലിറങ്ങി ചെളിവാരാമായിരുന്നെങ്കില്‍ 1982ല്‍ വഞ്ചിമുങ്ങിമരിച്ചവരുടെ മൃതദേഹം തിരയാനിറങ്ങിയ നേവി സംഘം തോറ്റുമടങ്ങുമായിരുന്നില്ല. അവര്‍ക്ക് കഴിയാത്തത് കഴിയുമെങ്കില്‍ 2023ല്‍ അതൊരു അല്‍ഭുതമാണെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.
അഷ്ടമുടി വേമ്പനാട് കായലുകളും ശാസ്താംകോട്ട തടാകവും സംരക്ഷിക്കാന് 345ലക്ഷം കേന്ദ്രം 2018 മാര്‍ച്ചില്‍ അനുവദിച്ചത് എവിടെ പോയി എന്നന്വേഷിക്കണം.
97- ല്‍ കായല്‍ വറ്റി തുടങ്ങിയതു മുതല്‍ 1998 ലും( 3 – 13 കോടി) 2010 ലും_ 4.92 കോടി 2013 ല്‍ 24.. 85 കോടി രൂപയുടെ മാനേജ്‌മെന്റ് ആക്ഷന്‍ പ്‌ളാന്‍ തയാറാക്കിയതും കോഴിക്കോട് ജല വിഭവ മാനേജ്‌മെന്റ് കേന്ദ്രമാണ്. കൂടാതെ 2000 ലും സി വി ആനന്ദബോസ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന 2005 ലും 25 കോടി തയാറാക്കി മന്ത്രി തിരുവഞ്ചൂരിന്റെ സാന്നിദ്ധ്യത്തില്‍ ശാസ്താംകോട്ടയില്‍ അവതരിപ്പിച്ച പദ്ധതികളുമുണ്ട്, അത് അകാലത്തില്‍ ചരമം പ്രാപിച്ച കഥകളും പഠിക്കാന്‍ കെ കരുണാകരന്‍പിള്ള ആവശ്യപ്പെടുന്നു.
തടാകത്തില്‍ നിന്നും ചെളിനീക്കുന്നതിന് പദ്ധതിവേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കായല്‍ക്കൂട്ടായ്മ കണ്‍വീനര്‍ എസ് ദിലീപ്കുമാര്‍ പറഞ്ഞു. തടാകത്തിലെ പായല്‍ നീക്കുന്നതിന് വലിയ പരിപാടി തങ്ങള്‍ നടപ്പാക്കിയതിന് ഫലം കണ്ടിട്ടുണ്ട്. തടാകത്തില്‍ പലമേഖലയും ഇന്ന് പായല്‍മുക്തമാണ്. ഒരു കോടി രൂപ അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ അത് ഫലപ്രദമായി വിനിയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ദിലീപ് മന്ത്രിക്ക് അയച്ച സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.
തടാകസംരക്ഷണം മറയാക്കി മാഫിയകള്‍ക്ക് വഴിപ്പെട്ടു പദ്ധതികള്‍ ആവിഷ്‌കരിക്കാതെ കൃത്യമായ പഠനത്തിലൂടെ ശാസ്ത്രജ്ഞര്‍ വിഭാവനചെയ്ത പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് നിയുക്ത കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് വൈ ഷാജഹാന്‍ ആവശ്യപ്പെട്ടു. തടാകം ഇപ്പോള്‍ വരള്‍ച്ച നേരിടുന്നില്ല. സംരക്ഷണ പദ്ധതികളെ സ്വാഗതം ചെയ്യും, എന്നാല്‍ മറ്റ് നീക്കങ്ങള്‍ അനുവദിക്കില്ല.
തടാകസംരക്ഷണം ആണോ ചൂഷണമാണോ ലക്ഷ്യംവയ്ക്കുന്നതെന്ന് തിരിച്ചറിയാന്‍ ജനത്തിന് അറിയാമെന്നും പരിസ്ഥിതി ചൂഷണത്തിന് ശ്രമം നടത്തിയാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കുമെന്ന് കരുതരുതെന്നും തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്‌റും ബ്‌ളോക്ക് പഞ്ചായത്ത് അംഗവുമായ തുണ്ടില്‍ നൗഷാദ് മുന്നറിയിപ്പുനല്‍കി.
തടാക സംരക്ഷണ പദ്ധതികളോട് മുഖം തിരിച്ച് തലസ്ഥാനത്ത് നാടകം നടത്തിയവരെയും സമരവുമായി ജനങ്ങള്‍ക്ക് ഒപ്പം നിന്നവരേയും ജനത്തിന് അറിയാം. കൃത്യമായ പഠനത്തിന് ശേഷം തയ്യാറാക്കിയ എംഎപി നടപ്പാക്കാനാണ് ആത്മാര്‍ത്ഥത കാണിക്കേണ്ടത് നൗഷാദ് ഓര്‍മ്മിപ്പിച്ചു.