കരുനാഗപ്പള്ളി.കാടും തോടും ആളൊഴിഞ്ഞ പറമ്പും വൃത്തിയാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപെടുത്തണമെന്ന് സി ആർ മഹേഷ് എംഎൽഎ ആവശ്യപ്പെട്ടു.
സുരക്ഷിതത്വം ഇല്ലാത്ത ജോലി കാരണം അപകടങ്ങളും, അപകട മരണങ്ങളും പതിവായിരിക്കുന്നു. പരിക്ക് പറ്റുന്നവർക്ക് ചികിത്സാസഹായമോ അപകടമരണ ധനസഹായമോ ലഭിക്കുന്നില്ല.
കഴിഞ്ഞദിവസം കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിൽ ഇടക്കുളങ്ങര എബി ഭവനത്തിൽ മരണപ്പെട്ട ഭാരതിക്ക് അപകടമരണ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രിക്കും മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകി. പട്ടികജാതി കുടുംബത്തിൽപ്പെട്ട ഭാരതി സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കുടുംബാംഗമായിരുന്നു.
തൊഴിലുറപ്പ് ഇടങ്ങളിൽ പാമ്പുകടിയേറ്റ് ഉള്ള മരണം തുടർക്കഥയാവുകയാണ്, കാട്ടിലും തോട്ടിലും പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യത്തിന് ബൂട്ടും, കൈയ്യുറയും നൽകാത്തതാണ് പാമ്പുകടിയേറ്റുള്ള മരണം തുടരെ ഉണ്ടാകുവാൻ കാരണം. വേണ്ടത്ര സുരക്ഷ ഉപകരണങ്ങൾ വാങ്ങി നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പ്രവർത്തിക്കിടെ അപകടമരണം സംഭവിച്ചാൽ ആം ആദ്മി യോജന പ്രകാരമുള്ള 75,000 രൂപ എന്നുള്ളത് രണ്ട് ലക്ഷം രൂപയാക്കി ഉയർത്തണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
ഈ അടുത്തിടെ ആരംഭിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം ഉടൻ ആരംഭിച്ച് കാര്യക്ഷമമാക്കണമെന്നും സി ആർ മഹേഷ് എം എൽ എ ആവശ്യപ്പെട്ടു