കൊല്ലം: കൊല്ലം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വോഡ് കൊല്ലം ചെമ്മാന്‍മുക്ക് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പോത്തു കച്ചവടത്തിന്റെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ആളെ പിടികൂടി. കൊല്ലം, വടക്കേവിള, മണിച്ചിത്തോട് ചേരിയില്‍ അമ്മന്‍ നഗര്‍-12 ല്‍ കുറിച്ചിഅയ്യത്ത് വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (52) ആണ് പിടിയിലായത്. ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച് സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച മൂന്നു പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6.3 കിലോ കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
സക്കീര്‍ ഹുസൈന് കടപ്പാക്കടയില്‍ ഇറച്ചി വ്യാപാരമായിരുന്നു. ഇയാള്‍ ആന്ധ്രാപ്രദേശില്‍ കാലികളെ വാങ്ങാന്‍ പോകുന്നതിന്റെ മറവില്‍ അവിടെ നിന്നും കിലോയ്ക്ക് 7000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 20000 രൂപയ്ക്കാണ് ഇവിടെ കൊണ്ടുവന്നു വില്‍ക്കുന്നത്. സൈബര്‍ സെല്‍ സഹായത്തോടു കൂടി നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്നതാണെന്നും വ്യക്തമായിട്ടുണ്ട്. കഞ്ചാവ് വില്പനയ്ക്കു വേണ്ടി ഇയാള്‍ പല സ്ഥലങ്ങളില്‍ വീട് വാടകയ്ക്ക് എടുത്തിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊല്ലം സ്പെഷ്യല്‍ സ്‌ക്വോഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബി. വിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം. മനോജ്ലാല്‍, പ്രിവന്റീവ് ഓഫിസര്‍ കെ. ജി രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, അനീഷ്, അജീഷ് ബാബു, സൂരജ് എന്നിവരുള്‍പ്പെട്ട എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.