കൊല്ലം. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല അമൃതപുരി മാതാ അമൃതാനന്ദമയീമഠത്തിലെത്തി മാതാ അമൃതാനന്ദമയീയെ സന്ദർശിച്ചു. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് കേന്ദ്രമന്ത്രി അമൃതപുരിയിലെത്തിയത്. ആശ്രമത്തിലെ മുതിർന്ന സ്വാമിമാരുടെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. ഭാര്യ സവിതബെൻ രൂപാല, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് പർഷോത്തം രൂപാലയും സവിതബെൻ രൂപാലയും മാതാ അമൃതാനന്ദമയിദേവിയെ ദർശിച്ചു.
അരമണിക്കൂറോളം നേരം ഇവർ മാതാ അമൃതാനന്ദമയീയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപ്പറ്റി മത്സ്യത്തൊഴിലാളി പ്രതിനിധികളും ആലപ്പാട് പഞ്ചായത്ത് അധികൃതരുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. ഉൾക്കടലിൽ മത്സ്യബന്ധനത്തിനിടെ ഒറ്റപ്പെട്ടു പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി കരയുമായി ബന്ധപ്പെടാൻ കഴിയുന്ന, അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ചെടുത്ത ‘ ഓഷ്യൻ നെറ്റ് ‘ ഇന്റർനെറ്റ് കണക്റ്റിവിറ്റി സംവിധാനം പ്രൊഫ. സേതു റാവു കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
ഒന്നേകാൽ മണിക്കൂറോളം ആശ്രമത്തിൽ ചിലവഴിച്ച മന്ത്രി വൈകീട്ട് 6.15 നാണ് അമൃതപുരിയിൽ നിന്ന് മടങ്ങിയത്. തീരദേശമേഖലകളിലെ സന്ദർശനത്തിനായി കേരളത്തിലെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി എറണാകുളം, ആലപ്പുഴ ജില്ലകളിലെ സന്ദർശനത്തിനു ശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് കൊല്ലത്തെത്തിയത്.
തീരദേശപരിപാലന നിയമത്തിലെ ആശങ്കകൾ കേന്ദ്രമന്ത്രിയോട്
പങ്കുവച്ച് മത്സ്യത്തൊഴിലാളികൾ
കൊല്ലം. മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ കേന്ദ്രമന്ത്രി പർഷോത്തം രൂപാലയ്ക്കു മുന്നിൽ തീരദേശപരിപാലന നിയമഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് മത്സ്യത്തൊഴിലാളികൾ പങ്കുവച്ചത്. അമൃതപുരി മാതാ അമൃതാനന്ദമയീമഠത്തിലെ ഭജനഹാളിൽ വച്ചാണ് കേന്ദ്രമന്ത്രി മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. തീരപ്രദേശങ്ങളിലെ ഖനനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും മത്സ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു ബുദ്ധിമുട്ടുകളും മത്സ്യത്തൊഴിലാളികൾ കേന്ദ്രമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു. ആലപ്പാട് പഞ്ചായത്ത് ഭാരവാഹികളും വാർഡ് അംഗങ്ങളും അരയസമുദായം ഭാരവാഹികളും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തീരദേശപരിപാലന നിയമവുമായി ബന്ധപ്പെട്ടുള്ള മാതാ അമൃതാനന്ദമയീമഠത്തിന്റെ നിവേദനം മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി കേന്ദ്രമന്ത്രിക്ക് കൈമാറി. മത്സ്യത്തൊഴിലാളി പ്രതിനിധികളും മന്ത്രിക്ക് നിവേദനങ്ങൾ നൽകി. നിവേദനങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയാണ് കേന്ദ്രഫിഷറീസ് മന്ത്രി മടങ്ങിയത്. ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയൊരു സംഘം കേന്ദ്രമന്ത്രിക്കൊപ്പമെത്തിയിരുന്നു.