കൊല്ലം.അരനൂറ്റാണ്ട് ഒരു നാടിന്‍റെ പ്രണയത്തോടും വിരഹത്തോടും ചൂടന്‍ രാഷ്ട്രീയ ചര്‍ച്ചകളോടും ചേര്‍ന്നു നില്‍ക്കുക ഒരു ചെറിയകാര്യമല്ല. 50 ആണ്ട് കൊല്ലത്തിന് വികാരങ്ങള്‍ക്ക് രുചി പകർന്ന ഇന്ത്യൻ കോഫി ഹൗസിന് ഒടുവിൽ പൂട്ടു വീഴുന്നു.
വരുമാനക്കുറവ് ചൂണ്ടിക്കാട്ടി കോഫി ഹൗസിന് ഷട്ടറിടുമ്പോൾ തീൻ മേശയിലെ രുചിയ്ക്കൊപ്പം കൊല്ലക്കാർക്ക് നഷ്ടമാകുന്നത് ഒരു പാട് നല്ല ഓർമ്മകൾ കൂടിയാണ്.
ഇന്ത്യൻ കോഫി ഹൗസുകളുടെ കഥ അതിജീവനത്തിൻ്റെത് കൂടിയാണ്. കോഫി ബോർഡ് നഷ്ടത്തിലായതോടെ തൊഴിലാളികളുടെ ജീവതം ദുരിത പൂർണ്ണമായി. വിഷയത്തിൻ്റെ ആഴം മനസിലാക്കിയ എ കെ ജി ഇടപെട്ടു.അന്നത്തെ പ്രധാനമന്ത്രി, ജവഹർ ലാൽ നെഹറു വിൻ്റെ പിന്തുണയോടെ ഇന്ത്യൻ കോഫി തൊഴിലാളി സൊസൈറ്റിയ്ക്ക് രൂപം നൽകി. സഹകരണ പ്രസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു പിന്നിടുള്ള കോഫി ഹൗസിൻ്റെ വളർച്ച.
1965 ജൂലൈ 27 നാണ് കൊല്ലത്ത് കോഫി ഹൗസ് പ്രവർത്തനം ആരംഭിച്ചത്. കപ്പലണ്ടി മുക്കിൽ ആയിരുന്നു തുടക്കം. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടം ഒഴിയേണ്ടി വന്നതോടെയാണ് 2014 ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഇതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. എങ്കിലും പിടിച്ചു നിൽക്കാനുള്ള ശ്രമം ആയിരുന്നു. പക്ഷേ ഫലം കണ്ടില്ല. കൊല്ലത്തെ ഇന്ത്യൻ കോഫി ഹൗസിൽ പതിവായി എത്തുന്നവർക്ക് എല്ലാം വൈകാരിക അടുപ്പമാണ് ഇതിനോട് ഉള്ളത്. എത്രയോ കവിതകള്‍ ഇവിടെ രൂപം കൊണ്ടു,എത്രയോ കഥാതന്തുക്ക ള്‍ പിറവികൊണ്ടു.
കൊല്ലത്തിൻ്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ 58 വർഷം ചേർത്തു വെച്ച പേരായിരുന്നു ഇന്ത്യൻ കോഫി ഹൗസ്. ഒന്നര പതിറ്റാണ്ടായി പുതിയ നിയമനം ഇല്ലാത്തതിനാൽ ജീവനക്കാരുടെ കുറവും നേരിടുന്നു. 90 പേർക്ക് ഇരിപ്പിടമുള്ള ഇവിടെ ഭക്ഷണം നൽകുന്നതിന് 2 പേർ മാത്രം. ആകെ ജീവനക്കാർ 20 പേരും.
ഈ മാസം 30 വരെയാണ് ഇന്ത്യൻ കോഫി ഹൗസ് കൊല്ലത്ത് പ്രവർത്തിക്കുക. നിലവിലുള്ള ജീവനക്കാരെ കൊട്ടാരക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക്
മാറ്റാനാണ് ആലോചന.