ഓണാട്ടുകരയിലെ ആയോധനകലയുടെ വീറും വാശിയും മെയ്വഴക്കവും പ്രകടമാകുന്ന പ്രസിദ്ധമായ ഓച്ചിറക്കളി 16, 17 തീയതികളില്‍ പടനിലത്ത് നടക്കും. ഇതിനായി കളരികളില്‍ ആശാന്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പരീശീലനം അവസാനഘട്ടത്തിലാണ്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍നിന്നുള്ള മുന്നൂറോളം കളിസംഘങ്ങളാണ് പടനിലത്ത് അങ്കംവെട്ടുന്നത്. പടയാളികളെ പ്രാപ്തരാക്കുന്നതിന് ഒരുമാസം മുമ്പേ പരിശീലനം തുടങ്ങിയിരുന്നു.
കളരികളില്‍ ദിവസവും പുലര്‍ച്ചയും വൈകിട്ടുമാണ് അഭ്യാസമുറകള്‍ പരിശീലിപ്പിക്കുന്നത്. ഓച്ചിറക്കളി നടക്കുന്ന എട്ടുകണ്ടം, തകിടിക്കണ്ടം എന്നിവ വൃത്തിയാക്കി. ആചാരപ്രകാരമുള്ള ഘോഷയാത്രയും അനുബന്ധ ചടങ്ങുകളും 16ന് രാവിലെ 11.30ന് ആരംഭിക്കും. ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്ന ആശാന്‍മാര്‍ക്കും യോദ്ധാക്കള്‍ക്കും അണിയാന്‍ ബനിയന്‍ ഭരണസമിതി നല്‍കും. കളി ആശാന്‍മാര്‍ക്ക് ചുവപ്പു നിറത്തിലുള്ള ബനിയനുകളാണ് നല്‍കുക. ദേശീയപാതക്ക് പടിഞ്ഞാറുഭാഗത്തു നിന്നെത്തുന്ന യോദ്ധാക്കള്‍ക്ക് നീല നിറത്തിലും കിഴക്കുഭാഗത്തു നിന്നുള്ള യോദ്ധാക്കള്‍ക്ക് മഞ്ഞ നിറത്തിലുള്ള ബനിയനുമാണ് വിതരണം ചെയ്യുന്നത്.
മുന്നൂറോളം കളി സംഘങ്ങള്‍ എത്തുമെന്നാണ് ഓച്ചിറ ക്ഷേത്ര ഭരണസമിതി പ്രതീക്ഷിക്കുന്നത്. ഓച്ചിറക്കളി കൂടുതല്‍ വര്‍ണാഭമാക്കാന്‍ നൂറുപേരടങ്ങുന്ന സംഘങ്ങളുടെ കളരിപ്പയറ്റും പടനിലത്ത് നടക്കും. കൊല്ലം വെള്ളിമണിലും തഴവ മണപ്പള്ളിയിലുമുള്ള കളരിപ്പയറ്റ് സംഘങ്ങളുടെ പ്രകടനമാണ് അരങ്ങേറുക. ഓച്ചിറക്കളിക്കുശേഷം ഉച്ചയ്ക്ക് ഒന്നരമുതലാണ് കളരിപ്പയറ്റ് നടക്കുകയെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥനും പ്രസിഡന്റ് ജി.സത്യനും പറഞ്ഞു. ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടു ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം നല്‍കും.