ശൂരനാട്. ബിജെപി സംസ്ഥാന നേതാവ് വധഭീഷണി മുഴക്കിയെന്ന പരാതിയുമായി ബിജെപി പ്രവര്‍ത്തകൻ രംഗത്ത്.സംസ്ഥാന സമിതി അംഗവും ബിജെപി മുൻ ജില്ലാ പ്രസിഡന്റുമായ ജി.ഗോപിനാഥ് വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ശൂരനാട് തെക്ക് ആയിക്കുന്നം താന്നിക്കല്‍ കിഴക്കതില്‍ പ്രദീപ് കുമാറാണ് ശൂരനാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.പ്രദീപ് കുമാറിന്റെ വീടിനോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഭീഷണി.
പരാതിക്കാരനായ പ്രദീപ് കുമാറിന്റെ അയല്‍വാസിയാണ് ഗോപിനാഥ്. പ്രദേശ വാസികള്‍ മൊബൈല്‍ ടവറിനെതിരെ പരാതി നല്‍കിയപ്പോള്‍ പ്രദീപ് കുമാറും അവര്‍ക്കൊപ്പം കൂടി. എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി കമ്മിറ്റിക്കെത്തിയപ്പോഴാണ് ഗോപിനാഥ് അസഭ്യം പറയുകയും ബിജെപിക്കാരെ കൊണ്ട് കഴുത്ത് വെട്ടിക്കുമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.