പുനലൂര്‍: നഗരസഭയുടെ ചെമ്മന്തൂര്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4.30ന് ചെമ്മന്തൂര്‍ കെ. കൃഷ്ണപിള്ള സാംസ്‌കാരിക നിലയത്തില്‍ ചേരുന്ന യോഗം കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. പി.എസ്. സുപാല്‍ എംഎല്‍എ അദ്ധ്യക്ഷനാകും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, മുന്‍ മന്ത്രി അഡ്വ. കെ. രാജു, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭാ ചെയര്‍പേഴ്സണ്‍ ബി. സുജാത സ്വാഗതം ആശംസിക്കും.
നഗരസഭയുടെ സ്ഥലത്ത് 5.63 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ദേശീയ നിലവാരത്തിലുള്ള ട്രാക്കുകളും കോര്‍ട്ടുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇറക്കുമതി ചെയ്ത മേപ്പിള്‍ തടി ഉപയോഗിച്ചാണ് ഫ്ളോര്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍, കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റ് അനുബന്ധ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പുനലൂരിലെ കായിക മേഖലയ്ക്ക് വലിയ മാറ്റം സൃഷ്ടിക്കുന്നതാണ് പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയം.