മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി അവസാനഘട്ടത്തില്‍

Advertisement

മൈനാഗപള്ളി: മൈനാഗപള്ളി പഞ്ചായത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍. പദ്ധതി പൂര്‍ത്തീകരണത്തിന്റെ അന്തിമഘട്ടമായ പൈപ്പിടില്‍ നടപടികള്‍ ആരംഭിച്ചു. ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡില്‍ പബ്ലിക്ക് മാര്‍ക്കറ്റ് മുതല്‍ കല്ല്കടവ് വരെയുള്ള ഭാഗത്താണ് പൈപ്പിടുന്നത്.
ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയില്‍ നിന്ന് പഞ്ചായത്തിലെ 22 വാര്‍ഡുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി 15.29 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി നിര്‍മിച്ചു. സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 5.1 കോടി രൂപ ചെലവില്‍ മൈനാഗപള്ളി പൊതുമാര്‍ക്കറ്റിലാണ് ഉപരിതല ജലസംഭരണി നിര്‍മിക്കുന്നത്. ശാസ്താംകോട്ട ജലശുദ്ധീകരണശാലയില്‍ നിന്നും 350 എംഎംഡിഐ പൈപ്പ് സ്ഥാപിച്ചാണ് ഇവിടെ ജലം എത്തിക്കുന്നത്.
എംഎല്‍എ ഫണ്ടില്‍ നിന്നും ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും 50 ലക്ഷം വീതം ഉള്‍പ്പെടുത്തി പൈപ്പ് ലൈന്‍ മുമ്പ് തന്നെ സ്ഥാപിച്ചിരുന്നു. ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസില്‍ സോളാര്‍ പാനലുകള്‍ക്കൊപ്പം 40 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റുകളും സ്ഥാപിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മൈനാഗപള്ളി പഞ്ചായത്തിന്റെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരമാകും.

Advertisement