കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ് നവീകരണത്തിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനും തീരുമാനമായി

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ് നവീകരണത്തിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനും തീരുമാനമായതായി സി.ആര്‍.മഹേഷ്, എം.എല്‍.എ അറിയിച്ചു. കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ബിൽഡിങ്ങിന്റെ പണികൾ പൂർത്തീകരിക്കുവാനും മറ്റ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുവാനും ഗ്രാമീണ മേഘലയിലും ദീര്‍ഘദൂരത്തിലും ഓടിക്കൊണ്ടിരുന്ന സർവീസുകള്‍ പുനരാരംഭിക്കുന്നതിനും കരുനാഗപ്പള്ളി എം.എൽ.എ സി.ആര്‍.മഹേഷ് ആവശ്യപ്പെട്ടതിനുസരിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ചേംബറില്‍ മന്ത്രിയുടെ അധ്യക്ഷതയി കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെയും മീറ്റിംഗ് നടന്നു.

എം.എല്‍.എ ആസ്ഥി വികസന ഫണ്ട് 65 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും സെപ്റ്റിക്ക് ടാങ്ക്, ഇലക്ട്രിക്ക് വര്‍ക്കുകള്‍, പ്ലംബിംഗ് വർക്കുകൾ , ഫർണിച്ചറുകൾ മറ്റ് അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് തുക അപര്യാപ്തമായിരുന്നു. പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തികരിക്കാത്തതിനാലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യാന്‍ കഴിയാത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും ബാക്കി പ്രവൃത്തിയ്ക്ക് ആവശ്യമായ തുക നല്‍കാമെന്ന് എം.എല്‍.എ ഉറപ്പു നല്‍കുകയും എത്രയും വേഗം പ്രവൃത്തി പൂർത്തീകരിക്കുന്നതിനും കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 26 രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കുവാനും തീരുമാനമായി.

കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കും, തൃശൂരിലേയ്ക്കും പുതിയ സൂപ്പര്‍ ഫാസ്റ്റ് സർവീസുകൾ കരുനാഗപ്പള്ളിയിൽ നിന്ന് ഓപ്പറേറ്റ് ചെയ്ത് ആരംഭിക്കുവാനും, മെഡിക്കല്‍ കോളേജിലേക്കും, ആര്‍.സി.സിയിലേക്കും, ശ്രീചിത്ര ആശുപത്രിയിലേക്കും പോകുന്ന രോഗികൾക്ക് ഏറെ പ്രയോജനകരമായിരുന്ന പാവുമ്പ – ചിറക്കൽ – തിരുവനന്തപുരം ബസ് സർവീസ് പുനരാരംഭിക്കാനും തെക്കുംഭാഗം – ചാമ്പക്കടവ് സര്‍വ്വീസ് ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള ചില ഗ്രാമീണ മേഖലയിലൂടെ ഓടികൊണ്ടിരിക്കുന്ന ബസ്സുകൾ പുനരാരംഭിക്കുവാനും തീരുമാനമായി.

അന്യസംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവ്വീസും ഉടന്‍ ആരംഭിക്കാനാകുമെന്നും മന്ത്രി അറിയിച്ചു. ഇതുകൂടാതെ ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന ഓച്ചിറ ബസ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അവിടെ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് മന്ത്രി ഈ മാസം 22 ന് ഓച്ചിറ കെ.എസ്.ആര്‍.ടി.സി ബസ്റ്റാൻഡ് സന്ദർശിക്കുവാനും തീരുമാനമായി.

യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനേഷ്, കരുനാഗപ്പള്ളി എ.ടി.ഒ ജോയ് മോന്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ.എം.അനില്‍ കുമാര്‍ എക്സിക്യുട്ടീവ് എഞ്ചീനയര്‍ ബാല വിനായകം, കൂടാതെ കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍.രാകേഷ്, കെ.ബി.അനില്‍‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement