ശാസ്താംകോട്ട:ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസ്സപ്പെട്ടു കിടക്കുന്ന നിയമനങ്ങൾക്ക് സ്പഷ്ടീകരണം ഉണ്ടാക്കി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ പറഞ്ഞു. എ കെ എസ് ടി യു കൊല്ലം ജില്ലാ നേതൃത്വ പഠന ക്യാമ്പ് ശാസ്താംകോട്ട ജി എൽ പി എസ് പനപ്പെട്ടിയിൽ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ എയിഡഡ് സ്കൂളുകളിൽ കുട്ടികൾ വർദ്ധിക്കുന്നു. എന്നാൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപക തസ്തികകൾ വർദ്ധിക്കുന്നില്ല. കുട്ടികളുടെ വർദ്ധനവിന് അനുസരിച്ച് അധ്യാപക തസ്തികകൾ സൃഷ്ടിക്കുകയും നിയമനം നടത്തുകയും വേണം. അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെയുള്ള സർക്കാർ നിലപാട് സ്വാഗതാർഹമാണ്. സ്കൂളുകളിൽ ക്ലാസ് എടുക്കാൻ പോകാതെ അവധി എടുത്ത് പണം മോഹിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ പോയി ട്യൂഷൻ എടുക്കുന്ന അധ്യാപകരെ ചൂണ്ടികാണിക്കാൻ സംഘടന തയ്യാറാകും. ഇങ്ങനെ യുള്ള ആരും തന്നെ സംഘടനയിൽ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ഇടതു സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ അഡ്വ സി ജി ഗോപൂ കൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറർ കിഷോർ റ്റി പതാക ഉയർത്തി
ജില്ലാ പ്രസിഡന്റ് ബിനു പട്ടേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ് ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഷിജു കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി ശശിധരൻ പിള്ള, കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി ഡോ സിനിൽ കുമാർ, മനു വി കുറുപ്പ്, ഡി പ്രീത, എൻ ആർ ജയശ്രീ എന്നിവർ സംസാരിച്ചു.രതീഷ് സംഗമം ക്യാമ്പ് ഡയറക്ടായിരുന്നു. സ്വാഗത സംഘം കൺവീനർ കെ സജീവ് കുമാർ നന്ദി രേഖപ്പെടുത്തി.
പടം:എ കെ എസ് ടി യു കൊല്ലം ജില്ലാ നേതൃത്വ പഠന ക്യാമ്പ് ശാസ്താംകോട്ട ജി എൽ പി എസ് പനപ്പെട്ടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു