ശാസ്താംകോട്ട. അമ്പലത്തുംഭാഗം സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകളും സാമ്പത്തിക തട്ടിപ്പുകളും നടന്നതായി മാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണ സമതി അംഗങ്ങൾ പത്ര പ്രസ്താവനയിൽ പറഞ്ഞു.50 ലക്ഷത്തിൽപരം രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് പ്രചരിപ്പിക്കപ്പെട്ടത് . സഹകരണവകുപ്പിന്റെ പരിശോധനയിൽ ചില സാങ്കേതിക പിഴവുകൾ കണ്ടെത്തി എന്നുള്ളത് മാത്രമാണ് വസ്തുത. ബാങ്കിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചില സാങ്കേതിക പിഴവുകളെ സംബന്ധിച്ച് വിശദീകരണം നൽകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ് നൽകുക മാത്രമാണ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ ചെയ്തിട്ടുള്ളത് . രണ്ടു വർഷത്തിനു മുമ്പ് ബാങ്കിലെ രണ്ട് ജീവനക്കാർ ചില സാമ്പത്തിക തട്ടിപ്പുകൾ നടത്തിയത് കയ്യോടെ കണ്ടുപിടിക്കുകയും ശക്തമായ നടപടികൾ ഭരണ സമിതി കൈകൊണ്ട് അവരെ സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പങ്കാളി ആയിരുന്ന മുൻ സെക്രട്ടറിയുടെ പേരിൽ ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുമുണ്ട് . ജീവനക്കാർ അന്നു നടത്തിയ ക്രമക്കേടുകൾ മൂലം നിക്ഷേപകർക്ക് ഒരു പൈസയുടെ പോലും നഷ്ടം ഉണ്ടായിട്ടില്ല.
പ്രസിഡന്റും ഭരണസമിതി അംഗങ്ങളും വൻ തുകുകൾ ബാങ്കിൽ തിരിച്ച് അടക്കേണ്ടതായിട്ടുണ്ട് എന്നാണ് വാർത്തകളിലൂടെ പ്രചരിപ്പിച്ചത് യഥാർത്ഥത്തിൽ പ്രസിഡണ്ടോ ഭരണസമിതി അംഗങ്ങളോ ഒരു പണാപഹരണവും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു തുകയും തിരിച്ച് അടക്കേണ്ടതായിട്ടുമില്ല. ബാങ്കിൽ സെക്രട്ടറിയായിരുന്ന ആളിനെ വിരമിച്ച ശേഷം കുറച്ചുകാലം ദിവസവേതനത്തിൽജോലി ചെയ്യിച്ചയിനത്തിൽ നൽകിയ വേതനം, ബാങ്കിലെ സെയിൽസ് ഗേളിനു നൽകിയ ശമ്പളം, പണയമായി സ്വീകരിച്ച സ്വർണ്ണം ലേലം ചെയ്തു വിറ്റപ്പോൾ ലഭിച്ച തുകയിലെ കുറവ് (സ്വർണ്ണ വായ്പക്കാരിൽ നിന്ന് തിരിച്ചു പിടിക്കാനുള്ളത്) ജീവനക്കാരുടെ വസ്തുക്കൾ ജാമ്യമായി നൽകി എടുത്ത വായ്പകൾ എന്നിവ ഭരണസമിതി അംഗങ്ങൾ തിരിച്ചടയ്ക്കണമെന്ന പരാമർശം ജോയിന്റ് രജിസ്ട്രാറുടെ നോട്ടീസിൽ പറയുന്നുണ്ട്, എന്നാൽ ഇതിനുള്ള മറുപടി നൽകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുളളത്. നിയമജ്ഞരുടെ നിർദ്ദേശമനുസരിച്ച് വിശദമായ മറുപടി നൽകിയിട്ടുമുണ്ട്. നിയമവ്യവസ്ഥകളും ചട്ടങ്ങളും പ്രകാരം ഈ തുകകൾ ഒന്നും തന്നെ പ്രസിഡന്റോ ഭരണസമിതി അംഗങ്ങളോ അടയ്ക്കേണ്ടതായിട്ടുള്ളവയല്ല.ഇത് സംബന്ധിച്ച് നിയമാനുസരണം നൽകിയ വിശദീകരണത്തിന് ശേഷം യാതൊരു തുടർനടപടികളും ഉണ്ടായിട്ടുമില്ല. ഇതാണ് വസ്തുത എന്നിരിക്കെ പൊതുപ്രവർത്തകരായ ഭരണസമിതി അംഗങ്ങളെ പൊതു ജന മധ്യത്തിൽ കരിതേച്ചു കാണിക്കുവാനുള്ള നുണപ്രചരണങ്ങളാണ് തൽപരകക്ഷികൾ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. ഇത് നിക്ഷേപകരിലും വായ്പക്കാരിലും സംശയങ്ങളും ആശങ്കകളും സൃഷ്ടിച്ചിട്ടുണ്ട്.നാടിന്റെ ആശ്വാസ കേന്ദ്രമായ ഈ സഹകരണ ബാങ്കിനെ തകർക്കുക എന്നുള്ളത് ഇക്കൂട്ടരുടെ ലക്ഷ്യമാണന്ന് മനസ്സിലാക്കി ഇത്തരം വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സഹകാരികളോടും ബഹുജനങ്ങളോടും ഭരണ സമിതി അഭ്യർത്ഥിക്കുന്നു.