കൊല്ലം: രാജ്യത്ത് ഭരണഘടനയും ജനങ്ങളുമാണ് പരമാധികാരികളെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. കൊല്ലം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച പി. കെ. തമ്പി അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനവും അടൂര്‍ ബാലന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരു ഭരിച്ചാലും തെറ്റ് തെറ്റെന്ന് പറയാനുള്ള പൗരന്റെ അവകാശമാണ് ജനാധിപത്യം. കോടതിവിധികളെ വിമര്‍ശിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ജനാധിപത്യം ഒരു ഭരണരീതി മാത്രമല്ല, അതൊരു ജീവിതരീതിയുമാണ്.
മാധ്യമങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മാധ്യമ മേഖലയ്ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമ പരിരക്ഷ എന്നത് ഇന്നും ഉത്തരം തേടുന്ന ചോദ്യമാണ്. പത്രഭാഷയില്‍ ഹൃദയത്തിന്റെ ഭാഷ്യം കൂട്ടിച്ചേര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണം. പത്രങ്ങളില്‍ നിന്ന് പുതുതലമുറ അകന്നു പോകുന്നു എന്ന വ്യാകുലതകളുണ്ട്. നിരീക്ഷണ പാടവവും ജാഗ്രതയുമുള്ള പുതിയ തലമുറ മാധ്യമ രംഗത്ത് വളര്‍ന്നു വരണം. അനുഭവങ്ങളുടെ സാക്ഷ്യപത്രമാണ് മാധ്യമ രംഗത്തെ വിജയിപ്പിക്കുന്നത്. പരസ്പര കുറ്റപ്പെടുത്തലുകളിലൂടെ നാട് നന്നാവില്ല. പറയാനുള്ളത് തുറന്നു പറയാന്‍ കഴിയണമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സി. ആര്‍. മഹേഷ് എംഎല്‍എ പി. കെ. തമ്പി അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സനല്‍ ഡി പ്രേം അധ്യക്ഷനായി. അടൂര്‍ ബാലന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ സബ് എഡിറ്റര്‍ ശ്വേത.എസ് നായര്‍ക്കും അടൂര്‍ ബാലന്‍ സ്മാരക വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് എസ്. ഫ്രാന്‍സിക്കും ഗവര്‍ണര്‍ സമ്മാനിച്ചു. പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ശ്രീലത ഹരി സ്വാഗതവും ട്രഷറര്‍ സുജിത് സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.