തകർന്ന് തരിപ്പണമായി കുന്നത്തൂർ – കടമ്പനാട് റോഡ്;പുത്തനമ്പലം വഴി യാത്ര ചെയ്യണമെങ്കിൽ അഭ്യാസമറിയണം

Advertisement

കുന്നത്തൂർ . കടമ്പനാട്,കുന്നത്തൂർ പഞ്ചായത്തുകളെയും കൊല്ലം,പത്തനംതിട്ട ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. കുന്നത്തൂർ നെടിയവിള – പുത്തനമ്പലം – വേമ്പനാട്ടഴികത്ത് മുക്ക് റോഡിനാണ് ഈ ദുർഗതി.ഈ റൂട്ടിലൂടെ സഞ്ചരിച്ച് പുത്തനമ്പലം ഭാഗത്ത് എത്തിയാൽ റോഡിലൂടെ ചാടിക്കടക്കാനും പറ്റില്ല,നീന്തി കടക്കാനും പറ്റില്ല.രണ്ടും കല്പിച്ച് ഇറങ്ങിയാൽ മുട്ടൊപ്പം ചെളിയിൽ പുതയും.തകർന്നു ചെറു കുളമായി
കിടന്ന റോഡിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പരീക്ഷണമാണ് നാട്ടുകാർക്കും യാത്രക്കാർക്കും വിനയായിരിക്കുന്നത്.പുത്തനമ്പലം ജംഗ്ഷനോട് ചേർന്നുള്ള ഭാഗത്തെ കുഴികളിൽ രാത്രിയുടെ മറവിൽ മണ്ണിട്ട് മൂടിയതാണ് പ്രശ്നമായത്.മഴക്കാലമാണെന്ന ചിന്ത
പോലുമില്ലാതെ അധികൃതർ നടത്തിയ നവീകരണം മൂലം കാൽനടയാത്ര പോലും അസാധ്യമായിരിക്കയാണ്.ഉഴുതു മറിച്ച ‘പാടം’ പോലെ പുത്തനമ്പലത്തെ റോഡ് മാറിയതോടെ ഈ ഗ്രാമം തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.സൈക്കിൾ യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്.ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലടക്കം ചെളി പുരളുന്നതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ പലപ്പോഴും വീടുകളിലേക്ക് തിരികെ മടങ്ങുകയാണ് പതിവ്.ചെളിപറമ്പായ
റോഡിന്റെ പരിസരത്ത് താമസിക്കുന്നവരുടെയും കച്ചവടക്കാരുടെയും ദുരിതം പറഞ്ഞറിയിക്കാൻ കഴിയില്ല.റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ കൃഷിയിറക്കിയിരുന്നു.അടൂർ,ഏനാത്ത്,കടമ്പനാട്,മണ്ണടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എളുപ്പമാർഗമായി തെരഞ്ഞെടുക്കുന്ന പാത കൂടിയാണിത്.ഐവർകാല,
പുത്തനമ്പലം പ്രദേശവാസികൾക്ക് കുന്നത്തൂർ,കടമ്പനാട് പ്രദേശങ്ങളിൽ എത്താനുള്ള ഏക മാർഗം കൂടിയാണിത്.സദാസമയവും തിരക്കേറിയ പാതയായിട്ടും നന്നാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ട് രണ്ട് വർഷത്തിലേറെയായി.
കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തുവാൻ കരാറുകാരൻ തയ്യാറായില്ല.ഇതിനാൽ ഫണ്ട് ലാപ്സായി എന്നാണ് വിവരം.മാസങ്ങൾക്ക് മുമ്പ് രാത്രിയിലും പാറപൊടിയും ടാർ മിശ്രിതവും എത്തിച്ച് റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു.


Advertisement