ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നെൽപ്പുരക്കുന്നിലെ റോഡ് വിണ്ടുകീറലിന് മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും പരിഹാരമായില്ല.കാലവർഷം ശക്തിയാർജിക്കുമ്പോൾ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശമായതിനാൽ റോഡിലെ വിള്ളൽ നാട്ടുകാർക്ക് ഭീഷണിയായിരിക്കയാണ്.മഴക്കാലത്ത് കല്ലടയാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ റോഡ് കല്ലടയാറ്റിൽ പതിച്ചേക്കും. സമീപത്തെ നൂറുകണക്കിന് വീടുകളിലേക്ക് വെള്ളം കയറാനും സാധ്യതയുണ്ട്. ഇതു വഴി നെൽപ്പുരക്കുന്ന് ഗ്രാമം പൂർണമായും കല്ലടയാറ്റിൽ പതിക്കാനും കാരണമായേക്കാം. വർഷങ്ങൾക്കു മുമ്പ് ഇവിടെ റോഡ് പകുതിയോളം കല്ലടയാർ കവർന്നിരുന്നു. ഏറെ നാളത്തെ
പ്രതിഷേധത്തിനൊടുവിലാണ് പുനർനിർമ്മിച്ചത്.
റോഡിൽ വിള്ളൽ ഉണ്ടാകുമ്പോൾ അധികൃതരെത്തി കോൺക്രീറ്റ് മിശ്രിതം കൊണ്ട് വിള്ളൽ അടച്ച ശേഷം ടാർ പൂശി മടങ്ങുകയാണെന്ന പരാതിയുണ്ട്.അടുത്തിടെ ഇത്തരത്തിൽ ഓട്ടയടച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ ശ്രമം നടത്തിയെങ്കിലും കോൺഗ്രസിന്റെ പ്രതിഷേധെത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.ദിവസവും മറ്റ് പ്രദേശങ്ങളിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധിയാളുകളാണ് നെൽപ്പുരക്കുന്നിലേക്ക് എത്തുന്നത്.ഗവ.ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ പടിഞ്ഞാറെ കല്ലടയിലെ പ്രധാന സ്ഥാപനങ്ങളിൽ മിക്കവയും പ്രവർത്തിക്കുന്നതും നെൽപ്പുരക്കുന്നിലാണ്.നിരവധി ബസ്സുകളും ഇതുവഴി സർവ്വീസ് നടത്തുന്നു.റോഡിൽ വിള്ളൽ വീണ ഭാഗത്ത് ടാർ വീപ്പകൾ വച്ച് അധികൃതർ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.എന്നാൽ രാത്രികാലങ്ങളിൽ ഇത് അപകടങ്ങൾക്കും ഇടയാക്കുന്നു.
നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ എംഎൽഎ ഇടപെടുകയും റോഡ് വിണ്ടുകീറുന്നതിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചതായി അറിയിക്കുകയും ചെയ്തു.തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോൻ എംഎൽഎയും സ്ഥലം സന്ദർശിക്കുകയും ചെയ്തു.കാലവർഷത്തിന് മുമ്പ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നായിരുന്നു പ്രദേശവാസികൾക്ക് മന്ത്രി നൽകിയ ഉറപ്പ്.എന്നാൽ മഴ ശക്തമായിട്ടും മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.മന്ത്രി പ്രഖ്യാപിച്ച 40 ലക്ഷം എവിടെയെന്നാണ് ഇപ്പോൾ നാട്ടുകാർ ചോദിക്കുന്നത്.മഴ ശക്തമായതോടെ റോഡിൽ രൂപപ്പെട്ട വിള്ളൽ വഴി വെള്ളം കുത്തിയൊലിച്ചിറങ്ങുന്നത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.