ഇന്ന് വായനാദിനം
ശാസ്താംകോട്ട. ആദിക്കാട്ട് ജംക്ഷനില്‍ ചവറ-ശാസ്താംകോട്ട പ്രധാനപാതയോടു ചേര്‍ന്ന് പൂട്ടാത്ത വാതിലുള്ള ഒരു കുഞ്ഞ് സ്ഥാപനമുണ്ട്. ഒരു പുസ്തകക്കൂട്, അതില്‍ തുടിക്കുന്ന ഹൃദയവുമായി വായനക്കാരെ കാത്തിരിക്കുന്ന കുറേ പുസ്തകങ്ങളുണ്ട്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ കാണുന്നവര്‍ക്ക് പുതുമയായ ഈ പുസ്തകക്കൂട് സ്ഥാപിച്ചത് അതിനു പിന്നിലായി ജാജീസ് ഇന്നൊവേഷന്‍സ് ബ്യൂട്ടി സലൂണ്‍ നടത്തുന്ന മാമ്പുഴ സുരേഷ് ആണ്. വിദേശത്ത് ഏറെക്കാലം ജോലിക്കാരനായിരുന്ന സുരേഷും ഭാര്യ അഞ്ജലിയും സ്വന്തമായി തുടങ്ങിയ സ്ഥാപനത്തിനൊപ്പം രണ്ടുവര്‍ഷംമുമ്പാണ് ഈ പുസ്തകക്കൂട് ഒരുക്കിയത്.
വായിക്കാന്‍ പുസ്തകം തേടി എത്തുന്നവര്‍ ഒരു പുസ്തകം ഇതില്‍ വയ്ക്കണം എന്നാണ് പുറത്ത് എഴുതിയ നിബന്ധന എങ്കിലും വായിക്കാന്‍ പുസ്തകം എടുക്കുന്നതിനെ ആരും തടസപ്പെടുത്തില്ല. ഇടയ്‌ക്കൊക്കെ പലരും വന്ന് പുസ്തകങ്ങള്‍ എടുക്കാറുണ്ടെന്നും തങ്ങളുടെ പുസ്തകം വയ്ക്കാറുണ്ടെന്നും സുരേഷ് പറയുന്നു. നശിക്കുന്ന വായനക്കെതിരേയുള്ള ഒരു സന്ദേശമായാണ് ഇതു തുടങ്ങിയതെന്ന് നല്ലൊരു വായനക്കാരനായ സുരേഷ് പറയുന്നു. ഈ വായനാ ദിനത്തില്‍ വായനയുടെ മഹല്‍സന്ദേശം പരത്തി സുരേഷിന്റെ പുസ്തകക്കൂട് ആദിക്കാട്ടുമുക്കില്‍ കാത്തിരിക്കുന്നു.