പുനലൂര്‍: വിവിധ കേസുകളില്‍ പ്രതിയായ പുനലൂര്‍ ശിവന്‍കോവില്‍ ഷാഹിദ മന്‍സിലില്‍ പന്നി നിസാം എന്ന് വിളിക്കുന്ന നിസാം (30) എന്നയാളെ രണ്ടാം തവണയും കാപ്പ നിയമ പ്രകാരം പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍, ഏരൂര്‍ സ്റ്റേഷനുകളില്‍ വധശ്രമം, അടിപിടി, സ്ത്രീകളെ ആക്ഷേപിക്കല്‍ തുടങ്ങി വിവിധ കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇയാളെ പുനലൂര്‍ പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ആറ് മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ഏരൂര്‍ പോലീസ് സ്റ്റേഷനിലെ വിളക്കുപാറയില്‍ അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് അടിപിടി ഉണ്ടാക്കി ഒരാളുടെ തല ഇയാള്‍ അടിച്ചു പൊട്ടിച്ചിരുന്നു. ഈ സംഭവത്തിന് ഏരൂര്‍ പോലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു. ഇതിന് ശേഷം ഒളിവില്‍ കഴിഞ്ഞ ഇയാളെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഇയാള്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിന് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നു. റിപ്പോര്‍ട്ട് അംഗീകരിച്ച കളക്ടര്‍ ഇയാളുടെ കാപ്പ അംഗീകരിച്ച് തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് ഇട്ടു.