കൊല്ലം. അമിത വില ഈടാക്കൽ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം, വില, തൂക്കം എന്നീ ഘടകങ്ങളിലെ കൃത്രിമം കണ്ടെത്താനായിരുന്നു മുന്നറിയിപ്പില്ലാതെയുള്ള പരിശോധന. പായിക്കട റോഡിലെ പലചരക്ക് മൊത്തവ്യാപാര ശാലകളിലും ചാമക്കടയിലെ പച്ചക്കറി കടകളിലുമായിരുന്നു പരിശോധന.
സാധനങ്ങളുടെ വിലനിലവാരം കൃത്യമായി പ്രദർശിപ്പിക്കാൻ കടയുടമകൾക്ക് നിർദേശം നൽകി. ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്ക് നോട്ടീസ് നൽകി. ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പരിശോധന നടത്തുമെന്നും കലക്ടർ വ്യക്തമാക്കി. ജില്ലാ സപ്ലൈ ഓഫീസർ ഇൻചാർജ് എസ് എസ് ഗോപകുമാർ, താലൂക്ക് സപ്ലൈ ഓഫീസർ പി എസ് റെജി, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ എം എസ് സന്തോഷ്, ഇൻസ്പെക്ടർ ബി മുരളീധരൻ, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് ജി ഗോപകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ എസ് ആർ റസീമ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.