കുണ്ടറ . മണ്‍ട്രോത്തുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്സ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. 16333 നമ്പര്‍ നാഗര്‍കോവില്‍ ജം. കോട്ടയം എക്സ്പ്രസ്സ് ട്രെയിന്‍ 6 മാസം മുമ്പാണ് ആരംഭിച്ചത്. എന്നാല്‍ മണ്‍ട്രോത്തുരുത്ത് റെയില്‍വേസ്റ്റേഷന്‍ ഹാള്‍ട്ട് സ്റ്റേഷനായതിനാല്‍ തുടക്കത്തില്‍ ഈ ട്രെയിനിന് മണ്‍ട്രോത്തുരുത്തില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.
രാവിലെ സ്കൂള്‍ ഓഫീസ് സമയങ്ങളില്‍ നാഗര്‍കോവില്‍ നിന്നും കോട്ടയത്തിനും തിരിച്ചും ഈ ട്രെയിന്‍ മണ്‍ട്രോത്തുരുത്തിലെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു. യാത്രാക്ലേശം കൊണ്ട് പൊറുതിമുട്ടിയ മണ്‍ട്രോത്തുരുത്തിലെ സാധാരണക്കാര്‍ ഈ ട്രെയിനിന് മണ്‍ട്രോത്തുരുത്തില്‍ സ്റ്റോപ്പില്ലാത്തത് കാരണം വളരെയധികം ബുദ്ധിമുട്ടിയിരുന്നു.
നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്സ് ട്രെയിനിന് മണ്‍ട്രോത്തുരുത്തില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ റെയില്‍വേ മന്ത്രിയുടേയും റെയില്‍വേ ബോര്‍ഡിന്‍റെയും ശ്രദ്ധയില്‍പ്പെടിത്തി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയത്. മണ്‍ട്രോത്തുരുത്തില്‍ നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്സ് ട്രെയിന്‍ എന്നുമുതല്‍ നിര്‍ത്തി തുടങ്ങുമെന്ന് ചെന്നൈയിലുള്ള സതേണ്‍ റെയില്‍വേ ആസ്ഥാനത്തു നിന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും എം.പി അറിയിച്ചു.
മണ്‍ട്രോത്തുരുത്ത് റെയില്‍വേ സ്റ്റേഷന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായി എം.പി പറഞ്ഞു. പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടല്‍, സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ മുന്‍വശത്ത് പാര്‍ക്കിംഗ് സൗകര്യം, ശുദ്ധജലം ലഭിക്കാനായി കുഴല്‍ക്കിണര്‍ നിര്‍മ്മാണം ഉള്‍പ്പടെ പുരോഗമിച്ചുവരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഷെല്‍ട്ടറുകളുടെ നിര്‍മ്മാണത്തിനായും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിന് നടപടി സ്വീകരിക്കാനും റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു