കൊല്ലം .വാണിജ്യ അടിസ്ഥാനത്തില്‍ ജില്ലയിലേക്ക് ലഹരി മരുന്ന് എത്തിച്ച് വിതരണം നടത്തി വന്ന യുവാവ് പോലീസ് പിടിയിലായി. കരിക്കോട്, പേരൂര്‍, കോടന്‍വിള പുത്തന്‍വീട്ടില്‍, പൃഥ്വിരാജ്(19) ആണ് കൊല്ലം വെസ്റ്റ് പോലീസും ജില്ലാ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. കൊല്ലം കളക്ടറേറ്റിന് സമീപം തോപ്പില്‍ കടവ് ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നുമാണ് ഇയാള്‍ പിടിയിലായത്.
പോലീസ് സംഘത്തെ കണ്ട് പരിഭ്രമിച്ച ഇയാളെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ വില്‍പ്പനക്കായി എത്തിച്ച 13.26 ഗ്രാം എം.ഡി.എം.എ യും 22.190 ഗ്രാം ഗഞ്ചാവും ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. സ്കൂള്‍ തുറന്നതോടെ ജില്ലയിലേക്കുള്ള നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചതായ് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ്-ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പ്രതിയായ പൃഥ്വിരാജ് വാണിജ്യാടിസ്ഥാനത്തില്‍ ജില്ലയിലേക്ക് മാരക ലഹരി മരുന്നുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് വില്‍പ്പന നടത്തുന്നയാളാണ്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് ലഹരി മരുന്നുകളുടെ വില്‍പ്പനയും വിതരണവും നടത്തുന്ന സംഘള്‍ക്ക് തടയിടാന്‍ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. സ്കൂളുകള്‍ തുറന്നതിന് ശേഷം ജൂണ്‍ മാസത്തില്‍ മാത്രം ജില്ലാ ഡാന്‍സാഫ് ടീം നടത്തുന്ന അഞ്ചാമത്തെ മയക്ക് മരുന്ന് വേട്ടയാണിത്.
ഈ മാസം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ 0.4 ഗ്രാം എം.ഡി.എം.എ യുമായി ഷെഫിന്‍ഷായും, പാരിപ്പള്ളിയില്‍ 14 ഗ്രാമുമായി സനോജും, കൊട്ടിയത്ത് 26.98 ഗ്രാമുമായി നിഖില്‍ സുരേഷും, 27.42 ഗ്രാമുമായി മന്‍സൂറും ഡാന്‍സാഫ് ടീമിന്‍റെ പിടിയിലായിരുന്നു. ആകെ 82.06 ഗ്രാം എം.ഡി.എം.എ ആണ് ജൂണ്‍ മാസത്തില്‍ മാത്രമായി പോലീസ് പിടികൂടിയത്. സിന്തറ്റിക്ക് വിഭാഗത്തില്‍ പെടുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ വളരെ വേഗം മനുഷ്യരെ ലഹരി അടിമത്വത്തിലേക്ക് നയിക്കുന്നതും ആരോഗ്യവും ആയുസ്സും ഇല്ലാതാക്കുന്നതുമാണ്. കൊല്ലം എസിപി അഭിലാഷ് എ യുടെ നിര്‍ദ്ദേശാനുസരണം കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഓമനക്കുട്ടന്‍, ഹസ്സന്‍കുഞ്ഞ്, എസ്.സി.പി.ഒ ശ്രീലാല്‍, സി.പി.ഒ ദീപുദാസ് എന്നിവരടങ്ങിയ പോലീസ് സംഘവും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ആര്‍ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.