അമൃതപുരിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

Advertisement

കരുനാഗപ്പള്ളി.: അമൃതപുരി മാതാ അമൃതാനന്ദമയീമഠത്തിൽ അന്താരാഷ്ട്ര യോഗാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർത്ഥനാ ഹാളിൽ നടന്ന യോഗാപരിശീലനത്തിൽ  അമൃതപുരിയിൽ സുരക്ഷാ ചുമതലയിലുള്ള സിആർപിഎഫ്, പോലീസ് ഉദ്യോഗസ്ഥർ, ആശ്രമത്തിലെ അന്തേവാസികൾ എന്നിവർ പങ്കെടുത്തു. അമൃതയോഗ കോ-ഓർഡിനേറ്റർ ബ്രഹ്‌മചാരിണി ശോഭന യോഗാപരിശീലനത്തിന് നേതൃത്വം നൽകി.

നമ്മുടെ കഴിവുകളെല്ലാം കണ്ടെത്തി അവയെ പ്രയോജനപ്പെടുത്താൻ യോഗയിലൂടെ സാധിക്കുമെന്ന് ചടങ്ങിൽ നൽകിയ സന്ദേശത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജീവിതശൈലീ രോഗങ്ങളും ടെൻഷനുമെല്ലാം വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യന്റെ മനസ്സിന്റെയും ശരീരത്തിന്റെയും  ആരോഗ്യത്തിന് യോഗാപരിശീലനം വളരെ അത്യാവശ്യമാണെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

സിവിൽ 20 യുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠം സംഘടിപ്പിച്ച 999 ചലഞ്ചിൽ സൂര്യനമസ്‌കാരം ചെയ്തു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 20 ലക്ഷത്തിലധികം പേർ പങ്കാളികളായതായി  മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.  യോഗാപരിശീലനത്തിലും സ്വാമി അമൃതസ്വരൂപാനന്ദപുരി പങ്കെടുത്തു.

Advertisement