കൊട്ടാരക്കര: തെരുവു നായയുടെയും വളര്‍ത്തു മൃഗങ്ങളുടെയും കടിയേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി വാക്‌സിനും ചികിത്സയ്ക്ക് എത്തുന്നവരില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ കഴിഞ ദിവസം 73 പേരും ഇന്നലെ 79 പേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പലയിടത്തും തെരുവ്‌നായകളുടെ ശല്യം രൂക്ഷമാണ്.
ഓടനാവട്ടത്തും, എഴുകോണിലും ഏഴുപേര്‍ക്കാണ് തെരുവ്‌നായയുടെ കഴിഞ്ഞ ദിവസം കടിയേറ്റത്. കൂടുതലും സ്ത്രീകള്‍ക്കാണ് കടിയേറ്റിരിക്കുന്നത്. റോഡിലും വീടുകളുടെ മുന്നിലുമായി നിന്നപ്പോഴാണ് എഴുകോണ്‍ സ്വദേശികളായ ജയകുമാര്‍, നിശാന്ത്, ആദിത്യന്‍, ശാന്ത എന്നിവരെ നായ കടിച്ചത്. കടിയേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓടനാവട്ടത്ത് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ഓടനാവട്ടം സ്വദേശിനിയായ പ്രഭയുടെ കാലില്‍ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.