തട്ടുകടയില്‍ നിന്നും പണം അപഹരിച്ചതിന് പിടിയിലായ പ്രതികളിലൊരാള്‍ പൊലീസിനെ വെട്ടിച്ച് സ്റ്റേഷനില്‍ നിന്നും ചാടി

Advertisement

കൊല്ലം. ശക്തികുളങ്ങര കുരിശടിക്ക് സമീപത്തെ തട്ടുകടയില്‍ നിന്നും പണം അടങ്ങിയ പെട്ടി മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതികളെ പോലീസ് പിടികൂടി.പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട ഒരു പ്രതിയെ സാഹസികമായി പിടികൂടി. കണ്ണനല്ലൂര്‍, കുളപ്പാടം, പാറവിള വീട്ടില്‍, സെയ്ദാലി(18), ശക്തികുളങ്ങര, മീനത്ത് ചേരിയില്‍, തച്ചിലഴികത്ത് വീട്ടില്‍, അഖില്‍(21) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്.ഇതില്‍ സെയ്താലിയാണ് ലോക്കപ്പില്‍ നിന്നും കടന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 08.30 മണിയോടെ തട്ടുകടയിലെത്തിയ സെയ്ദാലി കടയില്‍ പണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് പെട്ടി തട്ടിയെടുത്ത് രണ്ടാം പ്രതിയായ അഖിലിന്‍റെ സ്കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 6000 രൂപ അടങ്ങിയ പണപ്പെട്ടി ആണ് ഇവര്‍ അപഹരിച്ചെടുത്തത്. കടയുടമ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്യ്ത് സ്റ്റേഷനില്‍ എത്തിച്ച സെയ്ദാലി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു.പിന്തുടര്‍ന്ന പൊലീസിനെ മാര്‍ബിള്‍ തുണ്ടുപയോഗിച്ച് ആക്രമിച്ചു. പിന്നീട് സാഹസികമായി ഇയാളെ പൊലീസ് കീഴടക്കി.സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിന് കഴുത്തില്‍ മുറിവേറ്റു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശ ഐ.വി, അനില്‍കുമാര്‍, ഹുസൈന്‍, ബാബുക്കുട്ടന്‍, പ്രദീപ്, എസ്സിപിഒ ബിജു സിപിഒ സനല്‍, കെ.എ.പി സി.പി.ഒ വിപിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement