ക്ലാപ്പന. പഞ്ചായത്തിൽ വ്യാപകമായ വയൽ നികത്തൽ പ്രശ്നം വിവാദമായതോടെ വയൽ നികത്തലിന് നേതൃത്വം വഹിക്കുന്നു എന്ന ആരോപണം നേരിടുന്ന സിപിഎം നേതൃത്വത്തിനെതിരെ സിപിഐയും രംഗത്തെത്തി.
പഞ്ചായത്ത് ഭരണസമിതിയുടെ വൈസ് പ്രസിഡൻ്റ് കൂടിയായ സജീവ് ഓണംപള്ളി, കിസാൻ സഭാ നേതാവ് സി. കെ. ചക്രപാണി, സോനു മങ്കടത്തറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നികത്തിയ വയലിൽ കൊടികുത്തി പ്രതിഷേധിച്ചത്. ക്ലാപ്പനയുടെ പടിഞ്ഞാറൻ മേഖലയിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപകമായി നീർച്ചാലുകളും വയലുകളും കൊട്ടേഷൻ വ്യവസ്ഥയിൽ വൻ തുകകൾ ഉടമകളിൽ നിന്നും കൈപ്പറ്റി നികത്തുന്നതായി ആരോപണം ഉയർന്നിരുന്നു.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
സിപിഎം ഭരിക്കുന്ന പഞ്ചായത്തിൻ്റെ കൂടി ഒത്താശയോടെ നടക്കുന്ന വ്യാപക നിലം നികത്തലിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയർന്നു വന്നെങ്കിലും ജില്ലാ,സംസ്ഥാന നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കളിൽ ഉള്ള സ്വാധീനം ഉപയോഗപ്പെടുത്തി വ്യാപകമായി നിലംനികത്തൽ നടത്തിവരികയായിരുന്നു. മുതിര്‍ന്ന ചില നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ടെന്ന് ആരോപണമുണ്ട്. ഭൂരേഖകളിൽ വയലായി രേഖപ്പെടുത്തിയിരിക്കുന്ന വസ്തുക്കൾ തരം മാറ്റുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള കമ്മറ്റിയിൽ സിപിഎം പ്രതിനിധിയും പഞ്ചായത്ത് ഭാരവാഹിയും ഉൾപ്പെടെയുള്ളവർ ഉണ്ട്.ഇവർ വില്ലേജ് ഓഫീസ് അധികൃതരുടെ കൂടി സഹായത്തോടെ നികത്തേണ്ടുന്ന വസ്തു ആദ്യം തരം മാറ്റാൻ ശുപാർശ നൽകും. പിന്നീട് ഈ വസ്തു നികത്തി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തുക ഫിക്സ് ചെയ്ത് ഏറ്റെടുക്കും.
പറയുന്ന തുക നൽകാത്തവരുടെ വസ്തുതരം മാറ്റാൻ ശുപാർശ നൽകില്ല എന്ന ഭീഷണിയുമുണ്ട്. തുടർന്ന് അവധി ദിവസങ്ങളിലും മറ്റും നിരവധി വാഹനങ്ങൾ ഉപയോഗിച്ച് മണ്ണടിച്ച് മണിക്കൂറുകൾ കൊണ്ട് ഭൂമി നികത്തിമാറ്റും. ഉന്നത അധികാരികളോ മറ്റോ ഈ സ്ഥലത്തേക്ക് എത്താതിരിക്കാൻ വിവിധ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ബൈക്കുകളിൽ പ്രത്യേക നിരീക്ഷണ സംഘത്തെയും നിയോഗിക്കും. ആയുധങ്ങളുമായി കൊട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിക്കുന്ന ഇവർക്കെതിരെ ശബ്ദമുയർത്താൻ പലരും മുന്നോട്ടു വരാതിരുന്നത് മൂലം സംഘത്തിൻ്റെ പ്രവർത്തനം ഇത്രയും കാലം സുഗമമായി മുന്നോട്ടു പോകാൻ സഹായിച്ചിരുന്നു. എന്നാൽ വയൽ നികത്തൽ വ്യാപകമായതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ പ്രശ്നം ഏറ്റെടുത്തതോടെ സിപിഐയും സമര രംഗത്ത് വരികയായിരുന്നു.കഴിഞ്ഞ ദിവസം നികത്താനുപയോഗിച്ച ഒരു ഹിറ്റാച്ചി ഓച്ചിറ പോലീസ് പിടിച്ചെടുത്തിരുന്നു. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരം ഏറ്റതിനുശേഷം ഇത്തരത്തിൽ നികത്തപ്പെട്ട ഭൂമികളെ സംബന്ധിച്ചും തരം മാറ്റത്തിന് ശുപാർശ ചെയ്തത് സംബന്ധിച്ചും വ്യാപകമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെടുന്നു.
കഴിഞ്ഞ 20 കൊല്ലമായി കോൺഗ്രസ് ഭരിച്ചിരുന്ന ക്ലാപ്പന പഞ്ചായത്തിൽ നിലംനികത്തൽ വ്യാപകമാണെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സിപിഎം ഭരണം പിടിച്ചെടുത്തത്. അതേ നേതൃത്വം തന്നെ പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ച് വ്യാപകമായി വയൽ നികത്തുകയും ഇതുവഴി ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല. തങ്ങൾ കൂട്ടത്തോടെ പാർട്ടി വിടും എന്ന ഭീഷണി ഉയർത്തി ചില നേതാക്കളെ വരുതിയ്ക്ക് നിർത്താനും ഇവർ ശ്രമിക്കുന്നതായും പരാതി ഉയർന്നിരുന്നു. നൂറുകണക്കിന് ഏക്കർ സ്ഥലം അനധികൃതമായി നികത്തുന്നതിന് നേതൃത്വം കൊടുത്ത സിപിഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ശക്തമായ സംഘടനാ നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനു മുന്നിലും പരാതികൾ എത്തിയതോടെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ നേതൃത്വത്തിനുമേൽ സമ്മർദ്ദം ഉയർന്നിട്ടുണ്ട്.
ഇതിനിടെ റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ നേതൃത്വം കൂടി വയൽ നികത്തുന്നതിനെതിരെ രംഗത്ത് വന്നതോടെ പഞ്ചായത്ത് ഭരണം കയ്യാളുന്ന സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡൻറ് പ്രതിനിധാനം ചെയ്യുന്ന പടിഞ്ഞാറൻ മേഖലയിലാണ് വയൽ നികത്തൽ വ്യാപകമായി നടക്കുന്നത് എന്നതും സിപിഎമ്മിനെ പ്രതിരോധത്തിൽ ആകുന്നു .