കൊല്ലം. ചടയമംഗലത്ത് കെ എസ് ആർ ടി സി ബസ്സിനുളളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 49 കാരൻ പിടിയിൽ. തിരുവല്ല സ്വദേശി സാബുവാണ് പിടിയിലായത്. ബസിലെ യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്.
മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ വെച്ചാണ് സംഭവം. ആയൂരിൽ നിന്ന് ബസിൽ കയറിയ സാബു പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തി ലൈംഗികാവയവം പുറത്തെടുത്താണ് പീഡനശ്രമം നടത്തിയത്. ഉറങ്ങുകയായിരുന്ന പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹളം വച്ചതോടെയാണ് സാബുവിന്റെ ലൈംഗിക ചേഷ്ടകൾ കണ്ട മറ്റ് യാത്രക്കാർ ഇയാളെ തടഞ്ഞുവച്ചത്.തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്ത് എത്തി ബസ്സ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത പോലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദർശനത്തിനും
പീഡനശ്രമത്തിനും സാബുവിന് എതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും