കണ്‍സഷന്‍ കാര്‍ഡ് ജൂലൈ 31 വരെ നിര്‍ബന്ധമാക്കില്ല

Advertisement

കൊല്ലം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം പൂര്‍ത്തിയാവാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ലഭിക്കാന്‍ ജൂലൈ 31 വരെ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ല. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ആര്‍. ബീനാറാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കുകള്‍ ജൂലൈ 31നകം സ്വകാര്യ ബസുകളില്‍ പ്രദര്‍ശിപ്പിക്കാനും രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖകളുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സക്ഷന്‍ നല്‍കാനും ധാരണയായി.
വിദ്യാര്‍ഥികളെ കയറ്റാതെ ഡോര്‍ അടച്ചു പിടിക്കുക, കൈകാണിച്ചാല്‍ നിര്‍ത്താതെ പോവുക, സീറ്റ് നിഷേധിക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഹയര്‍സെക്കന്‍ഡറി, പ്ലസ് ടു, പോളിടെക്‌നിക്, ഐടിഐ, ഐടിസി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന്റെയും സ്ഥാപന മേധാവി നല്‍കുന്ന ഐഡന്റി കാര്‍ഡിന്റെ അടിസ്ഥാനത്തിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതിന് സമാനമായ രീതിയില്‍ സൗജന്യനിരക്കില്‍ സ്വകാര്യ ബസില്‍ യാത്ര അനുവദിക്കും. പഠന ദിനങ്ങളില്‍ സൗജന്യ യാത്രയ്ക്ക് ഐഡി കാര്‍ഡ് കൈയില്‍ സൂക്ഷിക്കണം. ഐഡി കാര്‍ഡ് ഇല്ലാതെ സൗജന്യ നിരക്ക് അനുവദിക്കുന്നതല്ലെന്നും ഇത് സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കം പോലീസ് സ്റ്റേഷന്‍, ജോയിന്റ് ആര്‍ ടി ഓമാര്‍ ബന്ധപ്പെട്ട് പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി തുടങ്ങി സര്‍ക്കാര്‍ യാത്രാസൗജന്യം അനുവദിക്കുന്ന അവധി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകുന്നതിന് യാത്ര സൗജന്യം ലഭിക്കും. എന്‍സിസി, എന്‍എസ്എസ്, എസ്പിസി തുടങ്ങിയ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിക്കും കണ്‍സഷന്‍ ലഭ്യമാകും. ബസ് ജീവനക്കാര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കും.
ജില്ലാന്തര യാത്രക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനം ഏത് ജില്ലയിലാണോ സ്ഥിതി ചെയ്യുന്നത്, അതത് ജില്ലയില്‍ നിന്നും കണ്‍സഷന്‍ ഐഡന്റി കാര്‍ഡ് വാങ്ങണം. കെ എസ് ആര്‍ ടി സി ബസുകളില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ ലഭ്യമാക്കുന്നുണ്ടെന്ന് അതത് ഡിടിഓമാര്‍ ഉറപ്പുവരുത്തണം. ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പോലീസിന്റെ ക്രൈം സ്റ്റോപ്പ് നമ്പരായ 1090 ലേക്ക് വിളിച്ച് അറിയിക്കണം .യോഗത്തില്‍ എല്‍എ ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയികുമാര്‍, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ബസ് ഉടമകള്‍, വിദ്യാര്‍ഥിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement