ഉദ്ഘാടനത്തിനൊരുങ്ങി രവീന്ദ്രന്‍ മാസ്റ്റര്‍ സ്മാരകം 

Advertisement

പുനലൂര്‍: ചലച്ചിത്ര ഗാന രചയിതാവും സംഗീത സംവിധായകനുമായ രവീന്ദ്രന്‍ മാഷിന്റെ ഓര്‍മ്മക്കായി കുളത്തൂപ്പുഴയില്‍ ഉയരുന്ന സ്മാരകം ‘രാഗസരോവരം’ ജൂലൈ 7ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി രൂപയാണ് വകയിരുത്തിരിക്കുന്നത്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
ജന്മനാട്ടില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് സ്മാരകം വേണമെന്ന സംഗീത ആസ്വാദകരുടെ നീണ്ടനാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. ഒരുകോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യമിട്ട് ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ അവസാനഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഗ്രാനൈറ്റ് നിര്‍മ്മാണവും ചുറ്റുമതിലിന്റെ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി തറയോട് പാകി മോടി പിടിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
2009-ല്‍ കുളത്തൂപ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കവി ഒഎന്‍വി കുറുപ്പാണ് സ്മാരക മന്ദിരത്തിന് ‘രാഗസരോവരം’ എന്ന് നാമകരണം ചെയ്ത് തറക്കല്ലിട്ടത്. തികച്ചും പ്രകൃതിയോടിണങ്ങി കുളത്തൂപ്പുഴയാറിന്റെ തീരത്തായിരുന്നു നിര്‍മ്മാണം. തുറന്നുവച്ച പുസ്തകത്തില്‍ സംഗീത ഉപകരണമായ ചെല്ലോ ചാരിവച്ച നിലയില്‍ ആയിരുന്നു കെട്ടിടത്തിന്റെ രൂപകല്‍പ്പന. സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ ആണ് ശില്‍പിയും നിര്‍മ്മാണ ചുമതലയും.
രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ഗാനശേഖരം ലഭിക്കാനും ഇവ ശ്രവിക്കുന്നതിനുമുള്ള സൗകര്യം, സംഗീതവിദ്യാലയം, സാംസ്‌കാരിക കേന്ദ്രം എന്നിവയും ഇതിനോടൊപ്പം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാരക നിര്‍മ്മാണം ആരംഭിച്ചത്. 55 ലക്ഷം രൂപ ചെലവ് വകയിരുത്തി നിര്‍മ്മാണം ആരംഭിച്ച മന്ദിരത്തിന് സാംസ്‌കാരികവകുപ്പില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപയും അനുവദിച്ച് നല്‍കിയിരുന്നു. ബാക്കി പഞ്ചായത്തും പദ്ധതി തുക വകയിരുത്തി. ഇതില്‍ ഇരുപത്തിഅഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ യഥാസമയം ഫണ്ട് അനുവദിക്കാതെയും മറ്റും ചെയ്തതോടെ സ്മാരകത്തിന്റെ നിര്‍മ്മാണം മുടങ്ങി. പിന്നീട് സംഗീതാരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പാതിവഴിയില്‍ ഉപേക്ഷിച്ച നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടിയായത്. സര്‍ക്കാര്‍ അനുമതിയോടെ അടങ്കല്‍ തുകയില്‍ വര്‍ധനവ് വരുത്തിയാണ് നിര്‍മ്മാണം ഇപ്പോള്‍ അവസാനഘട്ടത്തിലെത്തിയത്. ഇതിനിടയില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും അരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനം വിധേയമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കെട്ടിട നിര്‍മ്മാണം മാത്രമാണ് നടത്താനായത്. തുടര്‍ന്ന് രണ്ടാഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി രൂപകൂടി വകയിരുത്തി കുളത്തൂപ്പുഴയാറിന്റെ തീരത്ത് ഉദ്യാനമൊരുക്കി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.

Advertisement