യുവതിയുടെ ആത്മഹത്യയില്‍ കാമുകനായ സൈനികന്‍ അറസ്റ്റില്‍

Advertisement

കൊട്ടാരക്കര: യുവതിയുടെ ആത്മഹത്യയില്‍ കാമുകനായ സൈനികന്‍ അറസ്റ്റില്‍. കോട്ടാത്തല സ്വദേശിനി വല്ലം പത്തടി വിദ്യാ ഭവനില്‍ ശ്രീലതയുടെ മകള്‍ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കാമുകനായിരുന്ന സൈനികന്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ കൃഷ്ണാഞ്ജലിയില്‍ അനുകൃഷ്ണനെ (27) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദ കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുമായി അനു ആറു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയം നടത്തുകയും ചെയ്തു. അതിനെക്കുറിച്ച് പെണ്‍കുട്ടി ചോദിച്ചപ്പോള്‍ വാട്സാപ്പ് മെസജിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി പറയുന്നു.
അനു കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നും പെണ്‍കുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മെസേജുകളും തുടര്‍ച്ചയായി പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരണ നല്‍കുന്ന മെസജുകളും പോലീസ് റിക്കവര്‍ ചെയ്തു.

Advertisement