ഭവന രഹിതരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത് ലൈഫ് പദ്ധതി: മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

കൊട്ടാരക്കര. സംസ്ഥാനത്തെ ഭവനരഹിതരായവരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത് ലൈഫ് ഭവന പദ്ധതിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
കുളക്കട ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിൽ പോലും ഭരണകൂടം വീട് നിർമിച്ചു നൽകുന്ന പദ്ധതികൾ വിരളമാണ്.
പ്രാദേശിക ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും യോജിച്ചുള്ള പ്രവർത്തനമാണ് ലൈഫ് പദ്ധതി വൻ വിജയമാകാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

24 കുടുംബങ്ങൾക്കാണ് കുളക്കട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വീടുകൾ നിർമിച്ചു നൽകിയത്.
പഞ്ചായത്തിലെ മുൻ ഭരണസമിതിയുടെ കാലത്ത് തന്നെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചിരുന്നു.

കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാർ അധ്യക്ഷനായി.
കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, സ്ഥിരംസമിതി അധ്യക്ഷർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.