കരുനാഗപ്പള്ളി.മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. കുലശേഖരപുരം വില്ലേജിൽ ആദിനാട് വടക്ക് മുറിയിൽ, വവ്വാക്കാവ്, അത്തിശ്ശേരിൽ വീട്ടിൽ ശ്യാംകുമാർ (33) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ആദിനാട്, ആലോചനമുക്കിന് സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് പ്രതിയും കൂട്ടാളിയായ ഗുരുലാലും മുക്കുപണ്ടം പണയപ്പെടുത്താനായി എത്തിയ ത്. കഴിഞ്ഞ നവംബർ, ജനുവരി മാസങ്ങളിലായി സ്ഥാപനത്തിൽ നിന്നും 42 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,50,000/ രൂപ ഇവർ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ജനുവരി മാസത്തിൽ ആഡംബര വാഹനത്തിലെത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഗുരുലാൽ ഉൾപ്പെട്ട സംഘത്തെ ചവറ പോലീസ് പിടികൂടിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നിയ ആദിനാട് വില്ലേജിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മാനേജർ പണയം വെച്ച ആഭരണങ്ങൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് ഗുരുലാലിനെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്ന ശ്യാകുമാറിനെ പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ സമാന രീതിയിൽ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. കരുനാഗ പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, കലാധരൻ, ഷാജിമോൻ, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.