പുനലൂര്‍: കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന കൊല്ലത്തിന്റെ വ്യാപാരാവശ്യങ്ങള്‍ക്കായി ആരംഭിച്ച കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാതയിലൂടെ ട്രെയിന്‍ ഓടി തുടങ്ങിയിട്ട് നാളെ 119 വര്‍ഷം. 1904 ജൂലൈ ഒന്നിനാണ് പാതയിലൂടെ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്നത്.
കന്നി ഓട്ടത്തില്‍ കൊല്ലത്തു നിന്നും പുനലൂര്‍ വരെ മാത്രമാണ് ട്രെയിന്‍ ഓടിയത്. എന്നാല്‍ പുനലൂരില്‍ നിന്നും ചെങ്കോട്ടയിലേയ്ക്ക് അതേ വര്‍ഷം നവംബര്‍ 26ന് യാത്ര നടത്തി. എന്നാല്‍ കാലം മാറി വികസനത്തിന്റെ പാതയില്‍ മീറ്റര്‍ഗേജ് ബ്രോഡ്‌ഗേജിന് വഴിമാറി. 2010 സെപ്തംമ്പര്‍ 20ന് ഇതുവഴി അവസാന മീറ്റര്‍ ഗേജ് ട്രെയിന്‍ സര്‍വീസ് നടന്നു. പഴമക്കാര്‍ക്ക് പ്രൗഡിയുടെ പ്രതീകമായി മാറിയ മീറ്റര്‍ഗേജ് ട്രെയിനിനെ യാത്രയാക്കാന്‍ കിഴക്കന്‍ മേഖലകളില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്.
തുടര്‍ന്ന് ബ്രോഡ്‌ഗേജ് പാതയുടെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും മന്ദഗതിയില്‍ നീങ്ങിയ നിര്‍മ്മാണ ജോലികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ദ്രുതഗതിയില്‍ പുരോഗമിച്ചു. 2018 ജൂണ്‍ ഒന്‍പതിന് മോദി സര്‍ക്കാരിന്റെ നാലാം വര്‍ഷത്തോടനുബന്ധിച്ച് പുനലൂര്‍-ചെങ്കോട്ട ബ്രോഡ്‌ഗേജ് പാത തുറന്നു.
ആദ്യ മീറ്റര്‍ഗേജ് യാത്രയുടെ ഓര്‍മ്മപ്പെടുത്തലായി പതിമൂന്ന് കണ്ണറ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ കൊല്ലം മുതല്‍ ചെങ്കോട്ട വരെ ട്രെയിന്‍ യാത്ര സംഘടിപ്പിക്കും. കൊല്ലത്ത് നിന്നും 10.30ന് പുറപ്പെടുന്ന കൊല്ലം-തിരുനെല്‍വേലി പാസഞ്ചര്‍ ട്രെയിനിലാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് പാസഞ്ചേഴ്‌സ് ഭാരവാഹികളായ എല്‍. ഗോപിനാഥപിള്ള, എ.ടി. ഫിലിപ്പ് എന്നിവര്‍ പറഞ്ഞു.