വശങ്ങള്‍ കാട്കയറി മണിയംകുളം തോട്  

Advertisement

പരവൂര്‍: മണിയംകുളം പാലം മുതല്‍ കോട്ടപ്പുറം കായല്‍ വരെ നീളുന്ന മണിയംകുളം തോടിന്റെ ഇരുവശങ്ങളിലും കാട് വളര്‍ന്നതോടെ തോട് കാണാനാവാത്ത സ്ഥിതിയായി. കൊല്ലംതോടിന്റെ ഭാഗമായ മണിയംകുളം തോട്ടില്‍ ജലഗതാഗത സൗകര്യം ഒരുക്കാനെന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടികള്‍ ചെലവിട്ട് വശങ്ങള്‍ പാറകെട്ടി ബലപ്പെടുത്തുകയും മണ്ണുനീക്കി ആഴംകൂട്ടുകയും ചെയ്തിരുന്നു. ഒപ്പം തോടിന്റെ അരികിലും കായലിലും ബോട്ട് ജെട്ടികളും നിര്‍മിച്ചു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജലപാത പൂര്‍ണമാക്കുകയോ അതിലൂടെ ബോട്ട് സര്‍വീസ് ആരംഭിക്കുകയോ ചെയ്തില്ല. കൊല്ലം മുതല്‍ പരവൂര്‍, കലയ്ക്കോട് വഴി നെല്ലേറ്റില്‍ വരെയുള്ള കായലോരങ്ങളില്‍ ഇത്തരത്തില്‍ ജലഗതാഗതത്തിനായി നിര്‍മിച്ച ബോട്ടുജെട്ടികള്‍ പലതും മദ്യപാനികളുടെയും മറ്റ് ലഹരി ഉപയോഗക്കാരുടെയും താവളമാണ്.
മണിയംകുളം തോടിന്റെ വശങ്ങള്‍ കാടുകയറിയതോടെ മാലിന്യങ്ങള്‍ ചാക്കിലും കവറുകളിലുമാക്കി തോട്ടിലും വശങ്ങളിലും തള്ളുകയാണ്. ഇറച്ചിക്കടകളിലെ മാലിന്യങ്ങളാണ് ഇവയില്‍ ഏറെയും. ഹോട്ടലുകളില്‍ നിന്നും ചില ഓഡിറ്റോറിയങ്ങളില്‍ നിന്നുമെല്ലാം രാത്രിയില്‍ മാലിന്യം തള്ളുന്നുണ്ട്. ദുര്‍ഗന്ധം കാരണം ഇതുവഴി നടക്കാന്‍ സാധിക്കുന്നില്ലെന്നും ഇടയ്ക്ക് നഗരസഭ മാലിന്യം നീക്കം ചെയ്തെങ്കിലും ഇപ്പോള്‍ വീണ്ടും വന്‍ മാലിന്യക്കൂമ്പാരമായി തോടും പരിസരവും മാറിയതായും നാട്ടുകാര്‍ പറയുന്നു.