കൊല്ലം: കഴിഞ്ഞ ദിവസം റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ച കൊല്ലം സ്വദേശിയായ യുവാവിൻ്റെ സംസ്കാരം നാളെ.
ഉളിയക്കോവിൽ, സാഗര നഗർ – 48 ബിയിൽ സിദ്ധാർത്ഥ കാഷ്യൂ കമ്പനി ഉടമയായ കെ. സുനിൽ കുമാറിൻ്റെ മകൻ സിദ്ധാർത്ഥ സുനിൽ (24) ആണ് മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 7ന് വീട്ടിൽ പൊതുദർശനത്തിന് എത്തിക്കും. രാവിലെ 11ന് ഉളിയകോവിൽ തുരുത്തിൽ കുടുംബ വീട്ടിൽ സംസ്കാരം നടക്കും.
റഷ്യയിൽ സ്മോളൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. സുഹൃത്തുക്കളുമായി തടാകം കാണാൻ പോയതായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പ്രത്യൂഷ തടാകത്തിൽ ഒഴുക്കിൽ പെടുകയും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സിദ്ധാർത്ഥിന് അപകടം സംഭവിച്ചത് എന്നാണ് കൂടെയുണ്ടായിരുന്നവർ അറിയിച്ചത്. അപകടത്തിൽ പ്രത്യൂഷയും മരിച്ചു.