മൺട്രോതുരുത്തിലെ ജങ്കാർ സർവ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച യോഗം

Advertisement

ശാസ്താംകോട്ട . മൺട്രോതുരുത്തിലെ പേഴുംതുരുത്ത് – പെരുമൺ,കണ്ണങ്കാട്ട് കടവ് ജങ്കാർ സർവ്വീസുകൾ പുനരാംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച യോഗം ചേരുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു.

കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.ദേവഗിരി സെറ്റിൽമെന്റ് കോളനിയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് പോരുവഴി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.താലൂക്ക് ഓഫീസിൽ കൂടുതൽ സർവ്വേയർമാരെ നിയമിക്കുന്നതിന് കളക്ടറോട് ആവശ്യപ്പെടും.കമ്പലടി സ്കൂളിന്റെ നിർമ്മാണം ഏറ്റെടുത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്യും.

കിഴക്കേ കല്ലട – മൺട്രോതുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ്,പേഴുംതുരുത്ത് റോഡ്,
കൊന്നയിൽ കടവ് പാലം എന്നിവ സംബന്ധിച്ച് ജൂലൈ ഏഴിന് മൺട്രോതുരുത്ത് പഞ്ചായത്ത് ഓഫീസിൽ വച്ച് യോഗം ചേരും.ഭരണിക്കാവിലെ ഗതാഗത കുരുക്ക് സംബന്ധിച്ച് ഡിവൈഎസ്പിയുമായി ചർച്ച നടത്തിയതായും റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേരുന്നതിനും തീരുമാനിച്ചു.ഭരണിക്കാവ് ബസ് സ്റ്റാന്റിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കും.

ഭരണിക്കാവ് നെയ്ത്ത്ശാല കെട്ടിടം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകും.തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പഞ്ചായത്തുകൾ സ്വന്തം ചെലവിൽ ഷെൽട്ടർ ഒരുക്കാൻ നിർദ്ദേശം നൽകും.പോരുവഴിയിൽ എബിസി പദ്ധതി പ്രകാരം സ്ഥലം ഏറ്റെടുത്തു.ശാസ്താംകോട്ട മത്സ്യ മാർക്കറ്റ് നവീകരണത്തിനായി അനുവദിച്ച തുക വിനിയോഗിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിന്
തഹസീൽദാർക്ക് കത്ത് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ഭരണിക്കാവ് ഭൂപണയ ബാങ്കിന് സമീപം പി.ഡബ്ല്യൂ.ഡി ഓടയിൽ മാലിന്യം തള്ളുന്നത് സംബന്ധിച്ച വിഷയം ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്യുന്നതിനും തീരുമാനിച്ചു.

Advertisement