കടയ്ക്കല്‍. താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയസംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാച്ചിക്കോണം സ്വദേശി വാമദേവന്റെ (68) മൃതദേഹത്തിനുപകരമാണ് മറ്റൊരു മൃതദേഹം നല്‍കിയത്. വീട്ടിലെത്തിച്ചപ്പോഴാണ് മൃതദേഹം മാറിയതായി അറിയുന്നത്.
തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് വാമദേവന്‍ മരിച്ചത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി.
വീട്ടിലെത്തി ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയതായി സഹോദരിമാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ മൃതദേഹവുമായി ബന്ധുക്കള്‍ തിരികെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തി. മൃതദേഹം ഏറ്റുവാങ്ങിയവരെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ ആശുപത്രി ജീവനക്കാരായ രണ്ട് പേരെ സസ്‌പെന്റ് ചെയ്തു. ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി, നേഴ്‌സ് ഉമ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. അതേസമയം, ബന്ധുക്കളെ കാണിച്ചശേഷമാണ് മൃതദേഹം കൈമാറിയതെന്ന വിശദീകരണമാണ് ആശുപത്രി സൂപ്രണ്ട് നല്‍കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.