കൊല്ലം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസുകളുടെ വിചാരണയില്‍ ആദ്യ കേസിന്റെ വിചാരണ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കേസ് ഏഴിലേക്ക് മാറ്റി.
അന്വേഷണ ഉദ്യോഗസ്ഥാനായ നിലവിലെ പൊലീസ് ഹെഡ് ക്വാട്ടേഴ്സ് എസ്.പി ബി.കൃഷ്ണകുമാര്‍ ഇന്നലെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ചു മീര ബിര്‍ലയാണ് വാദം കേട്ടത്.
2010 ആഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം ക്രേവണ്‍സ്‌കൂളില്‍ നടന്ന പി.എസ്.സിയുടെ സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി പരീക്ഷയില്‍ കേസിലെ ഒന്നാം പ്രതിയായ മുകന്ദപുരം വാരവിള വീട്ടില്‍ ബൈജു മൊബൈല്‍ഫോണ്‍ ഇടത് തോളില്‍ ഒട്ടിച്ചാണ് പരീക്ഷ എഴുതിയത്.
കോയിവിള ചുണ്ടന്റയ്യത്ത് വീട്ടില്‍ ദിലീപ് ചന്ദ്രനാണ് ഫോണിലൂടെ ഉത്തരങ്ങള്‍ പറഞ്ഞുനല്‍കിയത്. പി.എസ്.സി സ്‌ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. എസ്.പി ബി.കൃഷ്ണകുമാറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഒന്ന് മുതല്‍ 25വരെയുള്ള സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍.രവീന്ദ്രന്‍, അഡ്വ. വിനീത്.ആര്‍.രവി, അഡ്വ.അഞ്ജലി എന്നിവര്‍ കോടതിയില്‍ ഹാജരായി.