കരുനാഗപ്പള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സുഹൃത്തുക്കളും പോലീസ് പിടിയിലായി. അയണിവേലികുളങ്ങര, വിളയില്‍ പടീറ്റതില്‍ അജിംഷാ (20), കരുനാഗപ്പള്ളി, അയലിവേലികുളങ്ങര, ചെന്തിരവിളതെക്കതില് ആഷിക് (20), ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും ഉള്‍പ്പടെയാണ് ചവറ പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മുന്പരിചയത്തിലായിരുന്ന അജിംഷാ കഴിഞ്ഞ 28 ന് കരുനാഗപ്പള്ളി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ കണ്സഷന് എടുക്കാനെത്തിയ പെണ്‍കുട്ടിയുമായി കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തുകയും അവിടെ നിന്ന് മധുരയിലേക്കും കടന്നുകളയുകയായിരുന്നു.
കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ അജിംഷായുടെ സുഹൃത്തുക്കളായ ആഷിക്കിന്റെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സുഹൃത്തിന്റെയും സഹായത്തോടെയാണ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അജിംഷായോടൊപ്പം മധുരയിലേക്ക് ട്രെയിന്‍ കയറ്റി അയച്ചത്. അജിംഷായോടൊപ്പം മധുരയിലെത്തിയ പെണ്‍കുട്ടി ഒരു ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്നും മാതാവിനെ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാവ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മധുരയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. റെയില്‍വേ പോലീസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയും പെണ്‍കുട്ടിയെ അവിടുത്തെ ചൈല്‍ഡ് ലൈനിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ചവറ പോലീസ് സ്ഥലത്തെത്തി പ്രതി അജിംഷായെ കസ്റ്റഡിയില്‍ എടുക്കുകയും പെണ്‍കുട്ടിയെ തിരികെ നാട്ടിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ച മറ്റ് രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ കെ.ആര് ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.