കരുനാഗപ്പള്ളി : ക്ലാപ്പന ആലും പീടികയിൽ ഗൃഹനാഥനെയും ഭാര്യയെയും വീടുകയറി ആക്രമിച്ച് കൊട്ടേഷൻ സംഘത്തെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ തെക്ക് എരുമത്തുകാവിന് സമീപം സൂരജ് ഭവനത്തിൽ സോമനെയും ഭാര്യ സിന്ധുവിനെയും മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽകയറി ആക്രമിച്ച കേസിൽ കൃഷ്ണപുരം വില്ലേജിൽ തെക്കേ കൊച്ചു മുറിയിൽ മണക്കാട്ട് ചിറയിൽ വീട്ടിൽ ഹബീബ് മകൻ ഹർഷാദ് ( 28 ) , കൃഷ്ണപുരം വലിയത് വീട്ടിൽ അനിൽ നിഷാദ് മകൻ കുട്ടൂസ് എന്ന് വിളിക്കുന്ന ആഷിക് (24), കൃഷ്ണപുരം ശാസ്താവിന്റെ വീട്ടിൽ ബാഷ മകൻ ഷൈജു (30), കൃഷ്ണപുരം ചീലാംതറയിൽ വീട്ടിൽ നിഷാദ് മകന് ആസിഫ് (26), കൃഷ്ണപുരം ജീലാനിറയിൽ കിഴക്കതിൽ വീട്ടിൽ നാസറുദ്ദീൻ മകൻ പക്രു എന്ന് വിളിക്കുന്നു നൗഫൽ (26) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത് .
ഒന്നരവർഷം മുമ്പ് പ്രതികൾ തന്നെ നടത്തിയ ഒരു ക്വട്ടേഷൻ ആക്രമണത്തിൽ ആലുംപീടിക സ്വദേശിക്ക് മർദ്ദനമേറ്റിരുന്നു. അതിൻറെ തുടർച്ചയായി സോമന്റെ മകനെയും രണ്ടാഴ്ച മുമ്പ് പ്രതികൾ ആക്രമിച്ചു. ആ സംഭവത്തിൽ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരിക്കുകയാണ്. അതിൽ കേസ് കൊടുത്തതിനുള്ള വൈരാഗ്യത്തിലാണ് പ്രതികൾ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെ സോമന്റെ വീട്ടിൽ കയറി അക്രമം നടത്തിയത്. രാത്രി കാറിലും ബൈക്കിലുമായി സംഘമായി എത്തിയ പ്രതികൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സോമന്റെ വീടിൻറെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും തുടർന്ന് വീടിന് ഉള്ളിൽ കയറിസോമനെയും ഭാര്യയെയും മർദ്ദിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞു പോലീസ് എത്തിയപ്പോഴേയും പ്രതികൾ രക്ഷപ്പെട്ടു. ഹൻഷാദ് ,ആഷിക്, ഷൈജു എന്നിവർ ഓച്ചിറ, കായംകുളം പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും എന്ന് പോലീസ് അറിയിച്ചു. ഓച്ചിറ സി ഐ എ . നിസാമുദിന്റെ നേതൃത്വത്തിൽ എസ് ഐ നിയാസ്, എ എസ് ഐ സുനിൽ , സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, അനു, സെബിൻ , പ്രേംസൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.