പൊതുസ്ഥലത്ത് മദ്യപാനം വിലക്കിയതില്‍ അക്രമം; മുഖ്യപ്രതി പിടിയില്‍

Advertisement

കൊല്ലം .പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാക്കളെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായി. വടക്കേവിള, തൈവേലില്‍ തെക്കതില്‍, സമീര്‍(37) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.

പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പേരൂര്‍ സ്വദേശിയായ ബിനുമോന്‍ ചോദ്യം ചെയ്തിനെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 09 മണിയോടെ പ്രതിയായ സമീറും കൂട്ട് പ്രതിയായ കണ്ണപ്പനും ചേര്‍ന്ന് ബിനുമോനെയും ബന്ധുവായ അഖിലിനെയും അസഭ്യം വിളിക്കുകയും തുടര്‍ന്ന് നടന്ന വാക്ക്തര്‍ക്കത്തിനിടയില്‍ ബിനുമോനെ പ്രതികള്‍ ഓടയില്‍ തള്ളിയിടുകയും അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കുകയും ചെയ്യ്തു. മര്‍ദ്ദനത്തില്‍ അഖിലിന്‍റെ തലക്ക് സാരമായി പരിക്കേല്‍ക്കുകയും മുഖത്തെ അസ്ഥിക്കും മൂക്കിന്‍റെ പാലത്തിനും പൊട്ടല്‍ സംഭവിക്കുകയും തലയിലേറ്റ ആഴത്തിലുള്ള മുറിവില്‍ 26 തുന്നല്‍ ഇടേണ്ടിയും വന്നു. അഖിലിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ബിനുമോനെയും പ്രതികള്‍ ഇരുമ്പു കമ്പി കൊണ്ടു അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ കണ്ണപ്പന്‍ എന്ന പ്രമോദിനെ അടുത്ത ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ ഒന്നാം പ്രതിയായ സമീറിനു വേണ്ടിയുള്ള തിരച്ചില്‍ നടത്തി വരവെ കഴിഞ്ഞ ദിവസം ഇയാള്‍ പോലീസ് വലയിലാവുകയായിരുന്നു. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.