കരുനാഗപ്പള്ളി . ഇടിമിന്നലിൽ പൂർണമായും തകർന്നുപോയ മത്സ്യത്തൊഴിലാളി കുടുംബത്തിൻ്റെ വയറിങ് പൂർണമായും ഏറ്റെടുത്ത് പൂർത്തീകരിച്ചു നൽകി എൻഎസ്എസ് വിദ്യാർത്ഥികൾ മാതൃകയായി. കഴിഞ്ഞമാസം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ആലപ്പാട്, പറയകടവ്, ഏഴാം വാർഡിലെ പുതുവീട്ടിൽ സതീഷ് കുമാറിന്റെ വീട്ടിലെ വയറിങ് പൂർണമായും കത്തി നശിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വീടിനും ഇടിമിന്നലിൽ കേടുപാട് സംഭവിച്ചിരുന്നു. തുടർന്ന് വാർഡ് മെമ്പർ പി ലിജുവിന്റെ അഭ്യർത്ഥനപ്രകാരം കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിലെയും പോളിടെക്നിക്കിലെയും എൻഎസ്എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് സമാഹരിച്ച പണം കൊണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വയറിങ് ജോലികൾ പൂർണമായും ചെയ്തു നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാർത്ഥികൾ തന്നെയാണ് വീടിൻ്റെ വയറിങ്ങെല്ലാം മാറ്റി പുതിയ വയറിങ് പൂർത്തിയാക്കിയത്. വയറിങ് പൂർത്തിയാക്കിയ വീട് കൈമാറുന്ന ചടങ്ങിൽ വാർഡ് മെമ്പർ പി ലിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാർ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ സി വി അനിൽകുമാർ, പോളിടെക്നിക് പ്രിൻസിപ്പൽ മണികണ്ഠകുമാർ, എൻഎസ്എസ് കോ- ഓർഡിനേറ്റർമാരായ പി സ്മിത, മഹിജ, കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ രതീഷ് കുമാർ, സി എസ് ശ്യാംദാസ്, എൻഎസ്എസ് വാളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.