ശൂരനാട്.ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് ഭരണ സമിതിക്കെതിരെ ചൊവ്വാഴ്ച എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു.അവിശ്വാസ പ്രമേയത്തിൽ നിന്നും കോൺഗ്രസിന്റെ എട്ട് അംഗങ്ങളും ഒരു ബിജെപി അംഗവും വിട്ടു നിന്നതും ഏക എസ്ഡിപിഐ അംഗം ചർച്ചയിൽ പങ്കെടുത്ത ശേഷം വോട്ട് ചെയ്യാതെ ഇറങ്ങിപ്പോയതുമാണ് അവിശ്വാസം പരാജയപ്പെടാനിടയാക്കിയത്.18 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-8,സിപിഎം -4,സിപിഐ – 2,എൽഡിഎഫ് സ്വതന്ത്രൻ – 1,ബിജെപി- 1,എസ്ഡിപിഐ – 1,സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ് കക്ഷിനില.സ്വതന്ത്രന്റെ പിന്തുണ കൂടി ഉറപ്പിച്ചാണ് എൽഡിഎഫ് അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിനെ നേരിടാനെത്തിയത്.എന്നാൽ
വിജ്ഞാപനം ചെയ്യപ്പെട്ട അംഗസംഖ്യയുടെ ഭൂരിപക്ഷം ഇല്ലാത്തതിനാൽ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.
അതായത് 18 അംഗ ഭരണസമിതിയിൽ 10 അംഗങ്ങൾ എങ്കിലും വോട്ട് ചെയ്താൽ മാത്രമേ അവിശ്വാസം വിജയിക്കുമായിരുന്നുള്ളു.
എസ്ഡിപിഐയുടെ ഏക അംഗം
ജെറീനാ മൻസൂർ ചർച്ചയിൽ പങ്കെടുത്ത ശേഷം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതും ബിജെപി അംഗം
ശാന്തകുമാരി എത്താതിരുന്നതും എൽഡിഎഫിന് തിരിച്ചടിയായി.അവിശ്വാസം പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും ഭരണ സമിതിയുടെയും നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,നേതാക്കളായ വി.വേണുഗോപാലകുറുപ്പ്,
എച്ച്.അബ്ദുൾ ഖലീൽ,പെരുംകുളം ലെത്തീഫ്,ഉണ്ണി മച്ചിവിള,സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.