ആദിക്കാട് ലക്ഷങ്ങൾ വിലവരുന്ന മോട്ടോറും കമ്പിയും കടത്തി

Advertisement

ശാസ്‌താംകോട്ട . പടിഞ്ഞാറെകല്ലട കുടിവെള്ള പദ്ധതിക്കായി ശാസ്‌താംകോട്ട തടാകക്കരയിലെ ആദിക്കാട്‌ സ്ഥാപിച്ച പമ്പ്ഹൗസുകൾ സമൂഹവിരുദ്ധരുടെ താവളമാകുന്നു. പടിഞ്ഞാറെകല്ലട പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതി വന്നതോടെ തടാകത്തെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതി നിർത്തലാക്കുകയും പമ്പ്‌ഹൗസുകൾ അനാഥമാകുകയും ചെയ്‌തതോടെയാണ്‌ പ്രദേശം ഇത്തരക്കാർ കൈയടക്കിയത്. ചെറുതും വലുതുമായ രണ്ട്‌ പമ്പുഹൗസുകളിലെയും ഇരുമ്പുകമ്പികളും പിവിസി പൈപ്പുകളും മോട്ടോറും കാണാതായി. ജനാലകൾ ഉൾപ്പെടെ പൊളിച്ചുകടത്തിയിട്ടും വെള്ളം പമ്പുചെയ്യാൻ കായലിലും പമ്പുഹൗസുകളിലും സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയിട്ടും ശാസ്‌താംകോട്ട ജലഅതോറിറ്റി ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ ദുരൂഹതയാരോപിക്കുന്നു.
ലക്ഷങ്ങൾ വിലവരുന്ന കമ്പിയും കേബിളുമാണ് കടത്തിയത്‌. കോയിൽ കടത്തുന്നതിനായി തടാകക്കരയിലിട്ട്‌ കേബിൾ കത്തിച്ച സംഭവവുമുണ്ടായി. വേനൽക്കാലത്ത്‌ പമ്പ്‌ഹൗസുകളിലേക്ക്‌ വെള്ളമെത്തിക്കുന്നതിന് തടാകത്തിലേക്ക്‌ ഇറക്കി വാട്ടർ അതോറിറ്റി മോട്ടോർ സ്ഥാപിച്ചിരുന്നു. ഇതും ഇപ്പോൾ കാണാനില്ല. ശാസ്‌താംകോട്ട–-ചവറ റോഡിന്റെ ഇടതുവശത്തായാണ്‌ ആദിക്കാട്‌ പമ്പുഹൗസ്‌ സ്ഥാപിച്ചിരിക്കുന്നത്. ഇവിടം കാടുമൂടിയതുകാരണമാണ് സമൂഹവിരുദ്ധരും മദ്യപാനികളും തമ്പടിക്കുന്നത്. പരാതി ശക്തമാകുമ്പോൾ പൊലീസ് സ്ഥലത്തെത്താറുണ്ടെങ്കിലും ശക്തമായ നടപടിയുണ്ടാകുന്നില്ല. വിലപിടിപ്പുള്ള സാധനങ്ങൾ മോഷണംപോയിട്ടും ജലഅതോറിറ്റി പരാതിപ്പെട്ടില്ലെന്നാണ്‌ പൊലീസ് പറയുന്നത്.

ഇവിടെ പലലക്ഷ്യങ്ങളോടെ രാപകല്‍ വന്നുതാവളമടിക്കുന്ന സാമൂഹികവിരുദ്ധര്‍ നാട്ടുകാര്‍ക്കും ഭീഷണിയാണ്. നന്നായി സംരക്ഷിക്കാനാവുന്നില്ലെങ്കില്‍ ഇത് പൊളിച്ചു കളയണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Advertisement