കരുനാഗപ്പള്ളി . വള്ളിക്കാവിൽ കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ഭാര്യയെയും മർദിച്ച സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി.
പത്തനംതിട്ട, പ്രമാടം വില്ലേജിൽ വി കോട്ടയം വെട്ടൂർകാട്ടിൽ വീട്ടിൽ പ്രവീൺ(24), പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ശ്രീക്കുട്ടൻ(22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുലശേഖരപുരം കോട്ടയ്ക്കപുറം പുതുമണ്ണേൽ വീട്ടിൽ ഉദയകുമാറിനെയും ഭാര്യയേയുമാണ് ഇവർ മർദിച്ചത്. സംഭവത്തെക്കുറിച്ച ് പോലീസ് പറയുന്നതിങ്ങനെ-കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വള്ളിക്കാവ് ബോട്ടുജെട്ടിക്ക് സമീപമുള്ള ഉദയകുമാറിന്റെ കടയിൽ പ്രതികൾ സിഗരറ്റ് വാങ്ങാൻ എത്തിയിരുന്നു. സിഗരറ്റിന്റെ വില ഗൂഗിൾ പേ ആയി നൽകാതെ പണമായി നൽകാമോയെന്ന് കടയുടമ ആവശ്യപ്പെട്ടു. വില പണമായി ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ കട ഉടമയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ തറയിൽ തള്ളിയിട്ട് ചവിട്ടി.ഇവരുടെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്താനും ശ്രമിച്ചു. അക്രമം തടയാൻ ശ്രമിച്ച ഉദയകുമാറിന്റെ ഭാര്യയെ പ്രതികൾ തടിക്കഷണം ഉപയോഗിച്ച് തലയിൽ അടിച്ചു.പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയശേഷം പ്രതികൾ സ്ഥലംവിടുകയായിരുന്നു. സംഭവത്തിൽ
കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷെമീർ, റസ്സൽ ജോർജ്ജ്, എഎസ്ഐ അജയകുമാർ, സിപിഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.