കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ റാമ്പ് തുറന്നു നല്‍കാത്തതിനാല്‍ പടികള്‍ കയറേണ്ടി വന്ന രോഗി കുഴഞ്ഞുവീണ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നെടുവത്തൂര്‍ കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (56) മരിച്ചത്. ശ്വാസം മുട്ടലുമായി ആശുപത്രിയിലെത്തിയ രോഗിയെ കുത്തിവച്ച ശേഷം മുകള്‍ നിലയിലേക്ക് അയയ്ക്കുകയായിരുന്നു. ലിഫ്റ്റ് ഇല്ലാത്തതിനാല്‍ ചക്രക്കസേരയിലിരുത്തി കൊണ്ടു പോകുന്നതിനുള്ള ചരിഞ്ഞ പാത (റാമ്പ്) ജീവനക്കാര്‍ തുറന്നുനല്‍കിയില്ല. പടികള്‍ കയറിയ രോഗി കുഴഞ്ഞുവീണ് മരിച്ചു. മൃതദേഹം തിരികെ കൊണ്ടു വരാനും റാമ്പ് തുറന്നുകൊടുത്തില്ല. മൃതദേഹം പടികളിലൂടെ ബന്ധുക്കള്‍ ചുമന്നാണ് താഴേക്ക് എത്തിച്ചത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.