ദുരന്തത്തെ മാടിവിളിച്ച്പെരുവിഞ്ച ശിവഗിരി സ്കൂളിലെ തകർന്ന കെട്ടിടം; ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും;നിസ്സംഗതയോടെ അധികൃതർ

Advertisement

കുന്നത്തൂർ . വണ്ടിപ്പെരിയാർ – ഭരണികാവ് ദേശീയ പാതയിൽ കുന്നത്തൂർ
ഗ്രാമപഞ്ചായത്തിലെ ഏഴാംമൈൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന പെരുവിഞ്ച ശിവഗിരി ഗവ.എൽ.പി
സ്കൂളിലെ തകർന്ന കെട്ടിടം പൊളിച്ചു മാറ്റാത്തത് അപകട ഭീഷണിയാകുന്നു.നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ക്ലാസ് മുറികളുടെ മധ്യഭാഗത്താണ് തകർച്ച നേരിടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്.ദുരന്ത ഭീഷണി ഉയർത്തുന്ന കെട്ടിടം പൊളിച്ചു മാറ്റാൻ സ്കൂൾ അധികൃതരും രക്ഷിതാക്കളും കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റിനും വിദ്യാഭ്യാസ വകുപ്പിനും നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല.കാലവർഷം ശക്തിയാർജിച്ചതോടെ ഏത് നിമിഷവും കെട്ടിടം നിലം പൊത്തിയേക്കാം.മുമ്പ് സ്കൂളിലെ ഓഫീസും ക്ലാസ് മുറികളും പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്.

1942ൽ നിർമ്മിച്ച കെട്ടിടം 2021ൽ അൺഫിറ്റാണെന്ന് അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.80 വർഷം പഴക്കമുള്ള കെട്ടിടം വർഷങ്ങളായി ചോർന്ന് ഒലിക്കുകയും കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്ന് വീഴുകയും ചെയ്തു കൊണ്ടിരിക്കയാണ്.സ്കൂളിനോട് ചേർന്ന് നിൽക്കുന്ന വൃക്ഷത്തിന്റെ അപകടകരമായ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നതിതും നടപടിയില്ല.പരാതികൾ നൽകുമ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ കയ്യൊഴിയുകയാണെന്ന് കോൺഗ്രസ്സ്
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്
കാരയ്ക്കാട്ട് അനിൽ ആരോപിച്ചു.കാലപ്പഴക്കത്താൽ തകർന്ന കെട്ടിടം പൊളിച്ചു മാറ്റാതെ പിഞ്ചുകുട്ടികളുടെ ജീവൻ വച്ച് പന്താടുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും സമര പരിപാടികളും ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.