തകർന്ന് തരിപ്പണമായ ശാസ്താംകോട്ട കോളേജ്റോഡിൽ മെറ്റൽ വിരിച്ചത് അപകടം സൃഷ്ടിക്കുന്നു

Advertisement

ശാസ്താംകോട്ട: തകർന്ന റോഡിൽ വിരിച്ച മെറ്റൽ ഇളകി കിടക്കുന്നത് കൂടുതൽ അപകടം സൃഷ്ടിക്കുന്നു.ശാസ്താംകോട്ട കോളേജ് റോഡിൽ പഴയ പാർക്കിന് മുന്നിലാണ് തകർച്ച പരിഹരിക്കാനായി ഒരു മാസം മുമ്പ് മെറ്റൽ മിശ്രിതം ഇട്ടത്.യാത്രക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിതെന്ന് തുടക്കത്തിലേ ആക്ഷപം ഉയർന്നിരുന്നു.നിരന്തരം വാഹനങ്ങൾ കയറിയതോടെ മെറ്റൽ ഇളകി നിരന്ന് കിടക്കുകയാണ്.കൊടും വളവും കുത്തനെയുള്ള ഇറക്കവുമായ ഇവിടെ മെറ്റൽ ഇളകി കിടക്കുന്നത് അപകട പരമ്പരയാണ് സൃഷ്ടിക്കുന്നത്.
പ്രത്യേകിച്ചും ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.


വർഷങ്ങളായി തകർന്നു കിടന്ന റോഡ് നന്നാക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.നിരവധി തവണ ശാസ്താംകോട്ട സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ ഇത് വഴിയുള്ള യാത്ര ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചിരുന്നു.ഇതിനിടയിൽ കഴിഞ്ഞ മാസം ശാസ്താംകോട്ട കോളേജിൽ വച്ച് മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചത്.രണ്ട് മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥരും പൊതുജനങ്ങളും വരും എന്നുള്ളത് കൊണ്ടും റോഡ് തകർന്ന് കിടക്കുന്നത് സംബന്ധിച്ച് പ്രതിഷേധം ഉണ്ടാകും എന്നുള്ളത് കൊണ്ടും അദാലത്തിന് രണ്ട് ദിവസം മുമ്പ് റോഡിൻ്റെ തകർന്ന ഭാഗങ്ങളിൽ മെറ്റൽ വിരിക്കുകയായിരുന്നു. പിന്നീട് ഇത് ടാർ ചെയ്യാൻ നടപടി ഉണ്ടായതുമില്ല.ഈ മെറ്റലാണ് ഇളകി അപകടം സൃഷ്ടിക്കുന്നത്.
ശാസ്താംകോട്ട കോളേജ്, കുന്നുംപുറം പ്രദേശം, സ്റ്റേഡിയം,പോലീസ് സ്‌റ്റേഷൻ,പി.ഡബ്ലൂ.ഡി ഗസ്റ്റ് ഹൗസ്,താലൂക്ക് ഓഫീസ്,കോടതി,കായൽ തീരം,ട്രഷറി,ബി.ആർ.സി, താലുക്ക് ആശുപത്രി, ഗവ.ഹയർ സെക്കന്റ്റി സ്കൂൾ,ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിലേക്ക് പോകേണ്ട റോഡാണ് തകർന്നു കിടക്കുന്നത്. കഴിഞ്ഞ 15 വർഷത്തിലധികമായി ഈ റോഡിൽ യാതൊരു വിധ പണികളും നടത്തിയിട്ടില്ല. കാൽനട പോലും അസാധ്യമാണ്.

Advertisement